‘ലോനപ്പാ ഒന്നോണാവപ്പാ…’ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ

February 6, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ജയറാം കേന്ദ്ര കതാഫാത്രമായെത്തുന്ന ‘ ലോനപ്പന്റെ മാമ്മോദീസ’ എന്ന ചിത്രം.
സിനിമാരംഗത്ത് ശക്തമായ തിരിച്ചുവരവുതന്നെയാണ് കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരം നടത്തിയിരിക്കുന്നത്. ‘പഞ്ചവര്‍ണ്ണതത്ത’ എന്ന ചിത്രത്തിനു ശേഷം ജയറാം നായകവേഷത്തിലെത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ചിത്രത്തിലെ ഒരു ന്യൂജനറേഷന്‍ ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘ലോനപ്പാ… ഒന്നോണാവപ്പ…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജോഫി തരകന്റെ വരികള്‍ക്ക് അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ജാസി ഗിഫ്റ്റാണ് ആലാപനം.

ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ലോനപ്പന്റെ മാമ്മോദീസായുടെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത് അങ്കലാമിയിലാണ്. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പന്‍ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തില്‍ വേഷമിടുന്നത്.

ചിത്രത്തില്‍ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, നിഷ സാരംഗ്, ഇവ പവിത്രന്‍, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു, മാള, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങി വലിയ താരനിരകള്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചമക്കുന്ന് എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന ലോനപ്പന്റെയും അയാള്‍ക്ക് ചുറ്റുമുള്ള കുറെ ആളുകളുടെയും ജീവിതങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ചാണ് ലോനപ്പന്റെ മാമ്മോദീസയില്‍ അവതരിപ്പിക്കുന്നത്.