പേരന്‍പിന്റെ ആദ്യ ഷോ കണ്ട് മനസ് നിറഞ്ഞ് ഇവരും; ഹൃദയം തൊടും ഈ വീഡിയോ

February 2, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന തമിഴ് ചലച്ചിത്രം പേരന്‍പ്. റാമിന്റെ സംവിധാനമികവില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷകരുടെ മനം നിറച്ച് മുന്നേറുകയാണ്. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ് പേരന്‍പുമായി ബന്ധപ്പെട്ട ഒരു വീഡിയോ. മമ്മൂട്ടി ഫാന്‍സിന്റെ വേറിട്ടൊരു മാതൃകയാണ് കൈയടി നേടുന്നത്.

ശാരീരികവും മാനസികവുമായി വൈകല്യമുള്ളവരെ പേരന്‍പിന്റെ ആദ്യ ഷോ സൗജന്യമായി കാണിച്ചാണ് ആലപ്പുഴയിലെ മമ്മൂട്ടി ഫാന്‍സ് മാതൃകയായത്. മമ്മൂട്ടി ഫാന്‍സും റെയ്ബാന്‍സിനി ഹൗസും ചേര്‍ന്നാണ് കുട്ടികളെ തീയറ്ററുകളിലെത്തിച്ചത്. നടക്കാന്‍ ആവാത്ത കുട്ടികളെ എടുത്തുകൊണ്ടു തീയറ്ററുകളിലെത്തിക്കുന്ന മമ്മൂട്ടി ഫാന്‍സിന്റെ വീഡിയോയ്ക്ക് കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.

പേരന്‍പിന്റെ പോസ്റ്ററിനു മുമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന കുട്ടികളുടെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടി. ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് എന്ന ശാരീരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന അമുദന്‍ എന്ന കഥാപാത്രം. ബാലതാരമായ സാധനയാണ് മമ്മൂട്ടിയുടെ മകളായി ചിത്രത്തിലെത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ നാലാമത്തെ ചിത്രമാണ് പേരന്‍പ്. സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും മമ്മുട്ടിയുടെ കൂടെ തന്നെ പ്രധാന വേഷങ്ങളില്‍ പേരന്‍പില്‍ അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം.