ഇൻസ്‌പെക്ടർ മണിയായി മമ്മൂക്ക; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

February 27, 2019

പോലീസ് വേഷങ്ങളിലുള്ള മമ്മൂട്ടി ചിത്രങ്ങൾ ആരാധകർക്കു എന്നും വളരെ പ്രിയപ്പെട്ടതാണ്. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘ഉണ്ട’യുടെ രണ്ടാം ഘട്ട ഷൂട്ടിങ് ആരംഭിച്ചു. മുളയൂരിലെ കാട്ടിൽ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മണി സർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുന്നത്.

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി ബോളിവുഡ് താരങ്ങളും വേഷമിടുന്നുണ്ട്. ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി, ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ ബോളിവുഡിൽ നിന്നും എത്തുന്ന താരങ്ങൾ.

ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ നക്‌സല്‍ സ്വാധീന മേഖലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുന്ന ഒരു പൊലീസുകാരന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന.

പിപ്പീലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, ‘മാസാനി’ലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ‘ട്യൂബ് ലൈറ്റ്’ എന്നീ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവർ ഉണ്ടയിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് മമ്മൂട്ടി ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് ശ്യാം കൗശാലാണ്. ‘ദംഗൽ’, ‘ബാജിറാവു മസ്താനി’, ‘പദ്മാവത്’, ‘സഞ്ജു’, ‘ധൂം 3’ , ‘ഗുണ്ടേ’, ‘കൃഷ് 3’ , ‘രാവണ്‍’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം കരസ്ഥമാക്കിയ താരമാണ് ശ്യാം കൗശൽ.

മൂവി മില്‍ന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ജിഗര്‍തണ്ട ഫെയിം ഗേമിക്കാണ്.