‘നീളൻ മുടിയ്ക്ക് പിന്നിലെ രഹസ്യം’; ഗിന്നസ് റെക്കോർഡുകാരി പറയുന്നു…

February 21, 2019

ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി നിലൻഷി പട്ടേൽ… നീണ്ട കറുത്ത മുടിയാണ് ഒരു പെണ്ണിന്റെ അഴകെന്നാണ് പഴമക്കാർ പറയുന്നത്. എന്നാൽ മുടി സംരക്ഷിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് മുറിച്ച് കളയുന്നവരെയും നീളൻ മുടി ഇഷ്ടപെടുന്നവരെയും അമ്പരപ്പിച്ചിരിക്കുകയാണ് ലോകത്തിൽ ഏറ്റവും നീളം കൂടിയ മുടിയ്ക്ക് ഉടമയായ നിലൻഷി എന്ന പെൺകുട്ടി..

ഗുജറാത്ത് സ്വദേശിയായ നിലൻഷിയെത്തേടി ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിയ്ക്ക് ഉടമ എന്ന ഗിന്നസ് റെക്കോർഡും എത്തിയിരിക്കുകയാണ്. പത്ത് വർഷത്തോളമായി മുടി വെട്ടാതെ വളർത്തുന്ന നിലൻഷിയുടെ മുടിയുടെ നീളം ഏകദേശം 170.5 സെന്റീമീറ്ററാണ്.

കുട്ടിയായിരിക്കുമ്പോൾ ഒരിക്കൽ മുടി മുറിച്ചത് ഇഷ്ടപെടാതിരുന്ന നിലൻഷി അന്ന് എടുത്ത തീരുമാനമാണ് ഇനി ഒരിക്കലും മുടി മുറിയ്ക്കില്ലെന്ന്.. ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നിലൻഷി മുടി കഴുകാറുള്ളത്. നീണ്ട മുടി കെട്ടിവയ്ക്കാനും കഴുകാനുമൊക്കെ നിലൻഷിയെ സഹായിക്കാറുള്ളത് അമ്മയാണ്.

“നീളമുള്ള മുടി തനിക്ക് വളരെ ഇഷ്ടമാണ്. ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ല. നീളമുള്ള മുടിയാണ് പെണ്ണിന് അഴകെന്നാണ് താൻ വിശ്വസിക്കുന്നത്.” നിലൻഷി പറഞ്ഞു.