ഒന്ന് മുതൽ ഒരു മില്യൺ വരെ അക്ഷരങ്ങളായി ടൈപ്പ് ചെയ്യാൻ 16 വർഷം; പിന്നാലെ ഗിന്നസ് റെക്കോഡും

February 18, 2024

കടൽ പോലെ പരന്നു കിടക്കുന്നതാണ് കണക്കിന്റെ ലോകം. അറിഞ്ഞതിനേക്കാൾ എത്രയോ മടങ്ങാണ് അറിയാനുള്ളതിന്റെ ആഴം. അതിൽ അക്കങ്ങളുടെ കാര്യമെടുത്താൽ എണ്ണിയാൽ തീരാവുന്നതിലും അപ്പുറമാണല്ലോ.. കണക്കുമായി ബന്ധപ്പെട്ട വ്യത്യസ്തമായ റെക്കോഡുകളുമായി ​ഗിന്നസ് ബുക്കിൽ ഇടംപിടിക്കുന്നതെല്ലാം വാർത്തയാകാറുണ്ട്. അത്തരത്തിലൊരു വ്യത്യസ്തമായ റെക്കോഡാണ് ഇപ്പോൾ ചർച്ചയാകുന്നത്. ( World Record for Typing Numbers in Words )

ഒന്ന് മുതൽ ഒരു മില്യൺ വരെയുള്ള സംഖ്യകൾ ടൈപ്പ് റൈറ്റർ ഉപയോഗിച്ച് അക്ഷരങ്ങളായി ടൈപ്പ് ചെയ്താണ് റെക്കോഡ് സ്വന്തമാക്കിയിട്ടുള്ളത്. ഓസ്ട്രേലിയയിലെ ക്വീൻസ് ലാൻഡ് സ്വദേശിയായ ലെസ് സ്റ്റുവർട്ട് അപൂർവ നേട്ടത്തോടെ ​ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 16 വർഷങ്ങൾ പരിശ്രമത്തിനൊടുവിലാണ് ലെസ് സ്റ്റുവർട്ട് തന്റെ ലക്ഷ്യം പൂർത്തീകരിച്ചത്. 1982ൽ ആരംഭിച്ച ടൈപ്പിങ് 1998 ഡിസംബർ ഏഴിനാണ് അദ്ദേഹം പൂർത്തിയായത്. 19,990 ഷീറ്റ് പേപ്പറുകളിൽ നടത്തിയ ഈ അച്ചടിക്ക് 1000 ഇങ്ക് റിബൺ ആവശ്യമായി വന്നുവെന്നാണ് ലെസ് സ്റ്റുവർട്ട് പറയുന്നത്.

സ്റ്റുവർട്ടിന് ഗിന്നസ് റെക്കോർഡ് സമ്മാനിക്കുന്ന ചിത്രം 2022 ജനുവരി 10 ന് ഔദ്യോഗികമായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. ശരീരികമായി വലിയ അധ്വാനം ഇതിനായി വേണ്ടി വന്നുവെന്നും ഒരുപാട് സമയം ഈ നേട്ടത്തിനായി ചെലവാക്കേണ്ടി വന്നുവെന്നും സ്റ്റുവർട്ട് പറയുന്നു. ഏഴോളം ടൈപ്പ് റൈറ്ററുകൾ ഉപയോഗിച്ചു. സൺ ഷൈൻ കോസ്റ്റ് ഡെയ്ലി എന്ന മാധ്യമ സ്ഥാപനമാണ് ലെസിന് ആദ്യത്തെ ടൈപ്പ് റൈറ്റർ നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Read Also : വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കയ്യെഴുത്ത്; ശാന്ത ടീച്ചർ 4 വർഷത്തിനിടെ പൂർത്തിയാക്കിയത് 13 പുസ്തകങ്ങൾ

ഒരുപക്ഷേ മറ്റാരെങ്കിലും അക്കങ്ങൾ എണ്ണി ഈ റെക്കോഡ് മറികടന്നേക്കാം പക്ഷെ, ഞാൻ ചെയ്ത പോലെ ഇത്രയും അക്കങ്ങൾ ടൈപ്പ് ചെയ്യാൻ ആരും ശ്രമിക്കുമെന്ന് കരുതുന്നില്ലെന്നും ലെസ് പറയുന്നു. കൂടാതെ എനിക്ക് നല്ലതുപോലെ അറിയാവുന്ന കാര്യമാണ് ഞാൻ ചെയ്തതെന്നും നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങൾക്കും ജീവിതത്തിൽ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുമെന്നും ലെസ് പറയുന്നു. ലോകത്തെ കൗതുകം നിറഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ഒഡ്ഢി (Oddee) തെരഞ്ഞെടുത്ത മൂന്ന് രസകരമായ സംഭവങ്ങളിൽ മൂന്നാമത്തേത് ലെസിന്റെ നേട്ടമായിരുന്നു. ഇന്ത്യക്കാരനായ മേജരി മല്ലികാർജുനയും സമാനമായ നേട്ടം മുമ്പ് കൈവരിച്ചിരുന്നു.

Story highlights : World Record for Typing Numbers in Words