വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കയ്യെഴുത്ത്; ശാന്ത ടീച്ചർ 4 വർഷത്തിനിടെ പൂർത്തിയാക്കിയത് 13 പുസ്തകങ്ങൾ

January 23, 2024

ജനുവരി 23, ലോക കയ്യെഴുത്ത് ദിനം. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രാഖ്യാപനത്തില്‍ ആദ്യ ഒപ്പ് രേഖപ്പെടുത്തിയ ജോണ്‍ ഹാന്‍കോക്കിന്റെ ജന്‍മദിനമാണ് ലോക കയ്യെഴുത്ത് ദിനമായി ആചരിക്കുന്നത്. ദിനം പ്രതി കയ്യെഴുത്ത് പ്രതികളുടെ സ്ഥാനത്ത് ഡിജിറ്റല്‍ കോപ്പികള്‍ ഇടംപിടിച്ചിരിക്കുകയാണ്. എന്നാല്‍ കമ്പ്യുട്ടറുകളും സ്മാര്‍ട്‌ഫോണുകളും അടക്കിഭരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ കയ്യെഴുത്തിനെ മുറുകെപിടിച്ച ഒരാളുണ്ട്. റിട്ടയേര്‍ഡ് അധ്യാപിക ബി ശാന്തയാണ് വിശ്രമജീവിതം കയ്യെഴുത്തിനായി മാറ്റിവച്ചിരിക്കുന്നത്. ( Shanta Teacher completed 13 handwritten books in 4 years )

2018-ലാണ് ശാന്ത ടീച്ചര്‍ അധ്യാപക ജീവിതത്തില്‍ നിന്നും വിരമിച്ചത്. മട്ടുപ്പാവിലെ ക്ൃഷി വിജയകരമാക്കിയാണ് ശാന്ത ടീച്ചര്‍ വിശ്രമജീവിതത്തിന് തുടക്കം കുറുച്ചത്. എന്നാല്‍ കൂടുതല്‍ സന്തോഷം നല്‍കുന്ന വേറെയെന്തെങ്കിലും ചെയ്യണമെന്ന ആലോചനയിലാണ് കയ്യെഴുത്തിലേക്ക് എത്തുന്നത്. 2020 മുതലാണ് എഴുതിത്തുടങ്ങിയത്.

സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ വടിവൊത്ത കയ്യക്ഷരം കൈമുതലാക്കിയ ശാന്ത ടീച്ചര്‍ ആത്മീയ ഗ്രന്ഥങ്ങളാണ് എഴുതിത്തുടങ്ങിയത്. നാല് വര്‍ഷം കൊണ്ട് സ്വന്തം കൈപ്പടയില്‍ പൂര്‍ത്തിയാക്കിയത് 13 പുസ്തകങ്ങള്‍. 4552 പേജുകളുള്ള ഹിന്ദി ബൈബിള്‍ മുതല്‍ 117 പേജില്‍ മലയാളത്തില്‍ ലളിതാസഹസ്രനാമ സ്‌തോത്രം വരെ ശാന്ത ടീച്ചറുടെ കൈപ്പടയില്‍ പൂര്‍ത്തിയായി. ഖുര്‍ആന്‍, ഭഗവത്ഗീത, ജ്ഞാനപ്പാന, സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് എന്നിവയും എഴുതിയിട്ടുണ്ട്. ബൈബിള്‍ മൂന്ന് ഭാഷകളിലാണ് എഴുതിയിട്ടുള്ളത്. അഷ്ടാംഗഹൃദയം സംസ്‌കൃത ഭാഷയില്‍ പൂര്‍ത്തിയാക്കി.

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍, കയ്യെഴുത്തില്‍ പുസ്തകങ്ങള്‍ തയ്യാറാക്കുന്നത് അത് എപ്പോഴും ഓര്‍ക്കാനും അതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ചിന്തിക്കാനും കഴിയും. എതെല്ലാം യന്ത്രസാമഗ്രികള്‍ കടന്നുവന്നാലും കയ്യെഴുത്ത് പ്രതിയുടെ പ്രാധാന്യം എന്നും നിലനില്‍ക്കുമെന്നാണ് ശാന്ത ടീച്ചര്‍ പറയുന്നത്.

Read Also : ഉള്ളിൽ കണ്ണിനെ കബളിപ്പിക്കുന്ന ദൃശ്യ വിസ്മയം; ഇത് പുസ്തകങ്ങൾ കൊണ്ടൊരു ടവർ

മതഗ്രന്ഥങ്ങള്‍ക്കൊപ്പം അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ‘കാലം സാക്ഷി’ എന്ന ആത്മകഥയും എഴുതിത്തീര്‍ത്തു. ദിവസവും എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ എഴുത്തിനായി സമയം കണ്ടെത്തുമെന്നാണ് ശാന്ത ടീച്ചര്‍ പറയുന്നത്. ഓരോ പുസ്തകങ്ങളും എഴുതി പൂര്‍ത്തിയാക്കനെടുത്ത സമയം ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ മഹാഭാരമാണ് എഴുതിക്കൊണ്ടിരിക്കുന്നത്. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ജെ. ബാബു ഭാര്യയുടെ എഴുത്തിന് എല്ലാ പിന്തുണയും നല്‍കി കൂടെയുണ്ട്. പഴയ തലമുറയിലുള്ളവര്‍ ഉള്‍പ്പെടെ കയ്യെഴുത്ത് രീതിയില്‍ മാറി ചിന്തിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ അധ്യാപികയുടെ ഈ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് പറയാതെ വയ്യ.

Story highlights : Shanta Teacher completed 13 handwritten books in 4 years