ആ ദിവസം നാളെയാണ്; ആകാംഷയും ഭീതിയും നിറച്ച് ‘നയൺ’ തിയേറ്ററുകളിലേക്ക്..

February 6, 2019

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ‘നയൺ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. ലോകം മുഴുവൻ റിലീസിനെത്തുന്ന ചിത്രം സയൻസ് ഫിക്ഷൻ സ്വഭാവമുള്ളതാണ്. ചിത്രത്തിൽ ഡോക്ടർ ഇനയത് ഖാൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ കാവൽമാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്ന കഥാപാത്രത്തെ ആരാധകർക്ക് വേണ്ടി താരം നേരത്തെ  പരിചയപ്പെടുത്തിയിരുന്നു. ചിത്രത്തിൽ പൃഥ്വിയുടെ വില്ലനായി എത്തുന്നത്  പ്രകാശ് രാജാണ്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്.

ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രം ഒരു ത്രില്ലർ മൂഡിലായിരിക്കും. മലയാളത്തിൽ ഇങ്ങനെയൊരു ചിത്രം ഇതാദ്യമാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്..

മലയാള സിനിമയിൽ പുതിയ വഴികൾ വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാര്യ സുപ്രിയക്കൊപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭം ആരംഭിച്ചതെന്ന് താരം നേരെത്തെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.