‘പുതിയ ക്ലൈമാക്സ് എത്താൻ വൈകും’- വെളിപ്പെടുത്തി ഒമർ ലുലു

February 19, 2019

ഹാപ്പി വെഡ്ഡിം​ഗ്സ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രം അഡാർ ലൗ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. എന്നാൽ ആരാധകർക്ക് താങ്ങാനാവാത്തതിനാൽ ചിത്രത്തിന്റെ കൈമാക്സ് മാറ്റുമെന്നും പുതിയ ക്ലൈമാക്സ് ബുധനാഴ്ച മുതൽ തിയേറ്ററുകളിൽ എത്തുമെന്നും സംവിധായകൻ ഒമർ ലുലു അറിയിച്ചിരുന്നു. എന്നാൽ ഡാറ്റ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കാത്തതിനാൽ പുതിയ ക്ലൈമാക്സ് വ്യാഴ്ച്ച മുതലായിരിക്കും തിയേറ്ററുകളിൽ എത്തുകയെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെയാണ് ഒമർ ലുലു ഈ വിവരം അറിയിച്ചത്..

ഒരൊറ്റ ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ ടീസർ ഇറങ്ങി ഒരു വർഷത്തിന് ശേഷമാണ് ചിത്രം റിലീസായത്.പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിൽ പ്രിയ വാര്യരും റോഷനുമാണ് നായിക നായകൻമാരായെത്തുന്നത്. നൂറിന്‍ ഷെറീഫ്, വൈശാഖ് പവനന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും നേരത്തെ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹ്‍മാൻ, സത്യജിത്ത്, നീതു നടുവതേറ്റ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.

ചിത്രത്തിലെ മാണിക്യ മലരായ പൂവി…’എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ രംഗങ്ങളുമാണ് ചിത്രത്തെ രാജ്യാന്തര തലത്തിൽ വരെ ജനപ്രിയമാക്കിയത്.