പ്രേക്ഷകമനസുകളിലും ഓടിത്തുടങ്ങി ‘ഓട്ട’ത്തിലെ ഈ പ്രണയഗാനം

February 26, 2019

നവാഗതനായ സാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓട്ടം’. പ്രേക്ഷകരുടെ മനസുകളിലും ഓടിത്തുടങ്ങിയിരിക്കുകയാണ് ചിത്രത്തിലെ മനോഹരമായൊരു പ്രണയഗാനം. കൂടുതലും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നത്. മാര്‍ച്ച് എട്ടിന് ചിത്രം തീയറ്ററുകളിലെത്തും. റോഷന്‍, നന്ദു, രേണു, മാധുരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ ‘ആരോമല്‍ പൂവാലി കുരുവി…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബികെ ഹരിനാരയണന്റേതാണ് ഗാനത്തിലെ വരികള്‍. മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനാണ് ആലാപനം. പ്രണയവും നോവും നിറഞ്ഞ ജീവിതത്തിലെ ഓട്ടമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജീവിതം ഒരു ഓട്ടമത്സരമാണ് അതില്‍ ജയവും തോല്‍വിയും അല്ല ഓട്ടമാണ് പ്രാധാനം എന്ന് ട്രെയ്‌ലറില്‍ പറഞ്ഞുവെയ്ക്കുന്നു.

ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്‌നി ഖാന്‍, രജിത മധു, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: പ്രണയത്തിനു പ്രായമില്ലല്ലോ…; ശ്രദ്ധേയമായി ‘മേരേ പ്യാരേ ദേശ് വാസിയോമി’ലെ പ്രണയഗാനം

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഓട്ടത്തിനുണ്ട്. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിശാല്‍ വി എസ് എഡിറ്റിങ് നിര്‍വഹിക്കുന്നു.