‘ഓട്ടം’ സിനിമയുടെ ഓഡിയോ ലോഞ്ച് ചെയ്തു; വീഡിയോ കാണാം..

February 26, 2019

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ‘ഓട്ടം’ എന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. മാർച്ച് എട്ടിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെയ്തു. തൃശൂര്‍ ഗരുഡ ഹോട്ടലില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രനാണ് ലോഞ്ചിങ് നിർവഹിച്ചത്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിൽ റോഷന്‍, നന്ദു, രേണു, മാധുരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മനോഹരമായ പ്രണയവും നോവുള്ള ജീവിതവും എല്ലാം നിറഞ്ഞ ജീവിതത്തിലെ ഓട്ടത്തെക്കുറിച്ച് പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജീവിതം ഒരു ഓട്ടമത്സരമാണ് അതിൽ ജയവും തോൽവിയും അല്ല ഓട്ടമാണ് പ്രാധാന്യം എന്ന് പറഞ്ഞുനിർത്തുന്ന ട്രെയ്‌ലർ സംവിധായകൻ ലാൽ ജോസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്.

ചിത്രത്തിൽ അലന്‍സിയര്‍, റോഷന്‍, നന്ദു, രേണു, മാധുരി സുധീര്‍ കരമന, കലാഭവൻ ഷാജോൺ മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്നി ഖാന്‍, രജിത മധു, തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്..പി ജയചന്ദ്രൻ ആലപിച്ച ചിത്രത്തിലെ ആരോമൽ എന്ന ആദ്യ ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

മലയാളത്തിലെ പ്രമുഖ സംവിധായകർ ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ഈ ചിത്രം മലയാള സിനിമയിലെ മറ്റൊരു നാഴികക്കല്ലാകുമെന്നതിൽ സംശയമില്ല.

Read also: ഈ ‘ഓട്ട’ത്തിലെല്ലാമുണ്ട് നല്ല എരിവുള്ള പ്രണയവും നോവുള്ള ജീവിതവും; ട്രെയ്‌ലർ കാണാം…

ശ്രീകുമാരന്‍ തമ്പി, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിശാല്‍ വി എസ് എഡിറ്റിങ് നിർവഹിക്കും. ചിത്രം അടുത്ത മാസം എട്ടാം തിയതി തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.