പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തുന്നു

February 1, 2019

ഒരുകാലത്ത് മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വീണ്ടും ചലച്ചിത്രരംഗത്തേക്ക് മടങ്ങിയെത്തുന്നു. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണ്ണി ഇന്ദ്രജിത്തിന്റെ രണ്ടാം വരവ്. ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. 2019 ഏപ്രില്‍ 11 ന് ചിത്രം തീയറ്ററുകളിലെത്തും.

രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറിലാണ് വൈറസിന്റെ നിര്‍മ്മാണം.

നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങിയ താരമാണ്. റണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഖമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍.