അപമര്യാദയായി പെരുമാറിയ ആളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് രജിഷ

February 6, 2019

ആദ്യ ചിത്രത്തിലൂടെ തന്നെ  പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് രജീഷ് വിജയൻ. രജീഷ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജൂൺ.  ജൂണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറയുകയാണ് രജിഷ.

“പ്ലസ് വണ്ണിന്  പഠിക്കുന്ന സമയത്താണ് മോശമായ അനുഭവം ഉണ്ടായത്. ബസില്‍ യാത്ര ചെയ്യുകയാണ്. നല്ല തിരക്കുള്ള സമയമാണ്. ഡോറിനടുത്തുള്ള കമ്പിയിൽ പിടിച്ച്‌ ഒരു ചെറിയ കുട്ടി സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്നുണ്ട്. ആകെ പകച്ച്‌, പേടിച്ചുവിറച്ചാണ് ഈ കുട്ടി നില്‍ക്കുന്നത്. ഞാന്‍ നോക്കുമ്പോൾ വാതില്‍ക്കല്‍ നില്‍ക്കുന്നയാള്‍ കുട്ടിയുടെ കാലില്‍ വളരെ മോശമായ രീതിയില്‍ തൊടുന്നു. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നില്‍ക്കുകയാണ് ആ കുട്ടി. കുട്ടിയുടെ തൊട്ടടുത്ത് നില്‍ക്കുന്ന രണ്ട് സ്ത്രീകളും ഇത് കാണുന്നുണ്ട്. പക്ഷേ പ്രതികരിക്കുന്നില്ല. ഒടുവില്‍ എനിക്ക് പ്രതികരിക്കേണ്ടിവന്നു.

ഞാൻ ഒച്ചവെച്ചപ്പോൾ അയാള്‍ ഒന്നും ചെയ്തിട്ടില്ല എന്ന് തിരിച്ചുപറഞ്ഞു. തിരിഞ്ഞ് കുട്ടിയോട് ഞാനെന്തെങ്കിലും ചെയ്‌തോ എന്ന് കണ്ണുരുട്ടി ചോദിച്ചു. കുട്ടി പേടിച്ച്‌ ഒന്നും മിണ്ടുന്നില്ല. പിന്നിലിരുന്ന ആന്റിമാരോട് ചോദിച്ചു, അവരും ഒന്നും മിണ്ടിയില്ല.

ഞാനും അയാളും തമ്മില്‍ ബഹളമായി. ഇടയ്ക്ക് അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു. ഞാനയാളുടെ മുഖത്തടിച്ചു’ ഡ്രൈവറും കണ്ടക്ടറും ഒക്കെ ഇടപെട്ട് അയാളെ ബസില്‍ നിന്നിറക്കിവിട്ടുവെന്നും രജിഷ കൂട്ടിച്ചേര്‍ത്തു.

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അങ്കമാലി ഡയറീസ് പോലെ തന്നെ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ ഉണ്ടാവുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു അറിയിച്ചു. ലിബിൻ വർഗീസ്  ജീവൻ ബേബി മാത്യു, അഹമ്മദ് കബീർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.