ചൂടുകാലത്ത് ചർമ്മ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

February 15, 2019

ഈ ദിവസങ്ങളിൽ പുറത്തിറങ്ങിയാല്‍ നല്ല കനത്ത ചൂടാണ്.. ഇത് ശരീരത്തിനും മനസിനും ഒരുപോലെ ക്ഷീണം തോന്നിക്കും. ചൂട് കൂടുന്നതിനാൽ പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം, എങ്കിലും പലരും ഇതിന് മുതിരാറില്ല..

ചൂട് കൂടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശരീരത്തിന്റെ ഭംഗിയെയാണ്. അല്പം വെയില് കൊള്ളുമ്പോൾ തന്നെ ശരീരം ആസകലം കറുത്ത് കരുവാളിച്ച് പോകും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള ചില മാർഗങ്ങൾ നോക്കാം..

ശരീര സംരക്ഷത്തിന് ഏറ്റവും അത്യുത്തമവും വളരെ എളുപ്പവുമായ മാർഗം ധാരാളം വെള്ളം കുടിയ്ക്കുക എന്നതുതന്നെയാണ്. പഴച്ചാറുകളും കുടിയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്. രാവിലെയും വൈകിട്ടും തണുത്തവെള്ളത്തില്‍ കുളിക്കണം. ചര്‍മ്മത്തിലടങ്ങിയ പൊടിയും അഴുക്കും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.

ചൂടുകാലത്ത് വസ്ത്ര ധാരണത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് ചൂടുകാലത്ത് ധരിക്കാൻ നല്ലത്. അതുപോലെ  വെയിലത്തിറങ്ങുമ്പോൾ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് നല്ലത്.

ചൂടുകൂടുന്നതോടെ ശരീരത്തിൽ വിയര്‍പ്പ് തങ്ങിനില്‍ക്കാനും ഇത് ചൂടുകുരു ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ നനഞ്ഞ തുണികൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുന്നത് നല്ലതാണ്. തേങ്ങാവെള്ളത്തില്‍ തുണി മുക്കി തുടയ്ക്കുന്നതും ചുടുകുരു കുറയ്ക്കാന്‍ സഹായിക്കും.

അതുപോലെ ചൂടുകാലത്ത് എ.സിയിലോ ഫാനിന്റെ ചുവട്ടിലോ ആയിരിക്കും മുഴുവൻ സമയവും. ഇത് ശരീരത്തിലെ ജലാംശം ഇല്ലാതാക്കി ചർമ്മം വരണ്ടതാക്കും. അതിനാൽ ഇടക്കിടെ വെള്ളം കുടിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.