സംസ്ഥാന ചലച്ചിത്ര അവാർഡ്; കാത്തിരിപ്പോടെ സിനിമ ലോകം..

February 20, 2019

സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കൊരുങ്ങി സിനിമാലോകം. മികച്ച സിനിമ, മികച്ച നടൻ, മികച്ച നടി എന്നീ മേഖലകളിലാവും കൂടുതൽ ശക്തമായ മത്സരങ്ങൾ അരങ്ങേറുക. മികച്ച നടൻ ആരെന്നുള്ള ആകാംഷയിൽ ആരാധകർ നിൽക്കുമ്പോൾ മോഹൻലാൽ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ജോജു ജോർജ് എന്നിവർ തമ്മിലാവും കടുത്ത മത്സരങ്ങൾ.

മികച്ച സിനിമയ്ക്കായി 104 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്.. 100 ഫീച്ചര്‍ ചിത്രങ്ങളും നാല് കുട്ടികളുടെ ചിത്രങ്ങളുമാണ് മത്സരിക്കാനുള്ളത്. ഫീച്ചര്‍ വിഭാഗത്തില്‍ മോഹൻലാൽ നായകനായി എത്തിയ ശ്രീകുമാർ ചിത്രം ‘ഒടിയൻ’, ഫഹദ് ഫാസിൽ നായകനായി എത്തിയ ‘കാര്‍ബണ്‍’, ഫഹദിന്റെ തന്നെ ‘ഞാൻ പ്രകാശൻ’, ഷാജി എൻ കരുണന്റെ ‘ഓള്’ തുടങ്ങി പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾക്കൊപ്പം നിരൂപകശ്രദ്ധ നേടിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.

ഒടിയൻ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാലും ഞാൻ പ്രകാശൻ, കാര്‍ബണ്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദും ഒരു കുപ്രസിദ്ധ പയ്യൻ അടക്കമുള്ള ചിത്രങ്ങളിലെ അഭിനയത്തിന് ടൊവിനോയും കായംകുളം കൊച്ചുണ്ണിയിലെ അഭിനയത്തിന് നിവിൻ പോളിയും ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജയസൂര്യയും ജോസഫിലെ അഭിനയത്തിന് ജോജുവും അടക്കമുള്ള താരങ്ങളാണ് മികച്ച നടനുള്ള വിഭാഗത്തിൽ മത്സരിക്കുക.