ലംബോർഗിനിയും റോൾസ് റോയിസും ഉണ്ടായതിങ്ങനെ…കാറുകൾക്ക് പിന്നിലെ രസകരമായ കഥ വായിക്കാം….

February 13, 2019

ഡ്രൈവിങ് ഹരമാക്കിയവരുടെയും വാഹനങ്ങളെ പ്രണയിക്കുന്നവരുടെയും ഏറ്റവും പ്രിയപ്പെട്ട വാഹനങ്ങളാണ് ലംബോർഗിനിയും റോൾസ് റോയിസും. സിനിമ താരങ്ങളും സാധാരണക്കാരുമുൾപ്പെടെ നിരവധി വാഹന പ്രേമികൾ അവർക്കിഷ്ടപെട്ട വാഹനങ്ങൾ വാങ്ങിക്കാറുണ്ട്. എന്നാൽ വണ്ടി വാങ്ങിക്കുന്നവരും വണ്ടിയെ സ്നേഹിക്കുന്നവരും അറിയേണ്ടതായി ചിലതുണ്ട്..ലംബോർഗിനിയും റോൾസ് റോയിസും ഉണ്ടായതെങ്ങനെയെന്ന് ??…കാറുകൾക്ക് പിന്നിലെ രസകരമായ കഥ വായിക്കാം…

ഇറ്റാലിയൻ വ്യോമസേനയിൽ നിന്നു വിരമിച്ചു ട്രാക്ടർ നിർമാതാവായി മാറിയ ഫെറൂച്ചിയോ ലംബോർഗിനിയുടെ സംഭാവനയാണ്  ലംബോർഗിനി. ഈ കാർ നിർമ്മിച്ചതിന് പിന്നിൽ ഒരു രസകരമായ കഥ കൂടിയുണ്ട്. രണ്ടാം ലോകമഹായുദ്ധമാണ് ഈ കഥയുടെ തുടക്കം. പഠന ശേഷം ഇറ്റാലിയൻ സേനയിൽ മെക്കാനിക്കായി ജോലിക്കു കയറിയ ഫെറൂച്ചിയോ ലംബോർഗിനി ഒരു  ട്രാക്ടർ നിർമ്മിച്ചു. നാട്ടിലെ കർഷകർക്ക് വേണ്ടി ഉണ്ടാക്കിയ ഈ വാഹനം സ്വീകാര്യമായതോടെ ഇതിന് ആവശ്യക്കാരും കൂടി വന്നു. അങ്ങനെ യുദ്ധത്തിൽ തകർന്ന വാഹനങ്ങൾ മാത്രം നന്നാക്കിയിരുന്ന അദ്ദേഹത്തിന്  ലംബോർഗിനി ട്രാക്ടർ ഫാക്ടറി തന്നെ ഉണ്ടായി.

വിപണിയിൽ ലംബോർഗിനി ട്രാക്ടറുകൾ വിപ്ലവം സൃഷ്ടിച്ച് തുടങ്ങിയതോടെ വാഹന പ്രേമിയായ ഫെറൂച്ചിയോ ആഡംബര കാറുകൾ വാങ്ങി സൂക്ഷിക്കാൻ തുടങ്ങി. ആൽഫാ റോമിയോയും മസെരാറ്റിയും പോലുള്ള നിർമിതികൾ സ്വന്തമാക്കിയ ഫെറൂച്ചിയോ ഒടുവിൽ ഫെറാറി വാങ്ങിക്കാൻ ഷോറൂമിൽ എത്തി.. ഇതായിരുന്നു ലംബോർഗിനിയിലേക്കുള്ള ആദ്യ ചുവടുവെപ്പിനാധാരം.

ഫെറാറിയുടെ 250 ജിടി കാർ അദ്ദേഹം സ്വന്തമാക്കിയെങ്കിലും അതിന്റെ നിർമ്മിതിയിൽ അദ്ദേഹം തൃപ്‌തനായിരുന്നില്ല.  കാറിന്റെ ക്ലച്ചിലും  ഇന്റീരിയറിലിലുമൊക്കെ നിരവധി കുറവുകൾ കണ്ടെത്തിയ അദ്ദേഹം  ഈ പരാതികളും നിർദ്ദേശങ്ങളുമായി ഷോറുമിലെത്തി. കാറിന്റെ സൃഷ്ടാവ് എൻസോ ഫെറാറിയെത്തന്നെയാണ് ലംബോർഗിനി സമീപിച്ചത്. പക്ഷെ അദ്ദേഹം പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല എൻസോ ഫെറാറിയുടെ പ്രതികരണം.

ഒരു ട്രാക്ടർ നിർമാതാവിന്റെ പരാതിയെന്ന പരിഹാസത്തോടെ എൻസോ ഫെറാറി ആ നിർദേശങ്ങൾ തള്ളിക്കളഞ്ഞു. ഇതിൽ മനം നൊന്ത ലംബോർഗിനി തന്റെ ആഗ്രഹം പോലൊരു കാർ സ്വന്തമായി നിർമ്മിക്കാൻ തീരുമാനിച്ചു. അതോടെ ട്രാക്‌ടർ ഫാക്ടറി  ലംബോർഗിനി ഓട്ടമൊബീൽ ആയി മാറി.

വാഹനം നിർമ്മിക്കാൻ സഹായത്തിനായി പ്രഫഷനൽ എൻജിനീയർമാരെയും, മധുര പ്രതികാരമെന്നോണം ഫെറാറിയിൽ ചെന്നപ്പോൾ തന്നെ കളിയാക്കി വിട്ട ഒരു എൻജിനീയറെയും ഒരുമിച്ചു ചേർത്ത് ലംബോർഗിനി എന്ന സ്വപ്‍നം സാക്ഷാത്കരിക്കാൻ ഇറങ്ങിത്തിരിച്ചു. അങ്ങനെ പ്രതികാരത്തിൽ നിന്നും അദ്ദേഹത്തിന്റെ ആദ്യ കാർ രൂപപ്പെട്ടു. പേര് ലംബോർഗിനി ജിടിവി. വാഹനം പ്രതീക്ഷിച്ചതുപോലെ വിപണിയിൽ വിജയിച്ചു. എന്നാൽ ഫെറൂച്ചിയോ ലംബോർഗിനി മാത്രം ഈ വാഹനത്തിലും തൃപതനായില്ല. അങ്ങനെ അഴിച്ചുപണികൾക്ക് ശേഷം 400 ജിടിയായി വന്ന ലംബോർഗിനിക്ക് മികച്ച സ്വീകാര്യതയാണ് വാഹനപ്രേമികൾക്കിടയിൽ നിന്നും ലഭിച്ചത്.

റോൾസ് റോയിസ്

ഹെന്‍ട്രി റോയിസ് നോര്‍ത്തെണ്‍ എന്ന യുവാവിന്റെ തലയിൽ ഉദിച്ചതായിരുന്നു റോൾസ് റോയിസ് എന്ന ആഡംബര കാർ. ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം
നോര്‍ത്തെണ്‍ റയില്‍വേയില്‍ അപ്പ്രന്ടീസായി ജോലി നോക്കി വരുന്ന കാലമാണ് ഈ കഥയുടെ ആധാരം… വണ്ടികളോടുള്ള അതിയായ ആഗ്രഹം അദ്ദേഹത്തെ ഒരു കാർ നിർമ്മാതാവാക്കി മാറ്റുകയായിരുന്നു.

ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിക്കണമെന്ന ആഗ്രഹം മൂലം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താൽ മെക്കാനിക്കല്‍ എന്ജിനിയറിംഗ് നൈറ്റ്‌ ക്ലാസ്സുകളില്‍ പോയി പഠിച്ചു.

പിന്നീട് ഒരു സുഹൃത്തിന്റെ കൂടി സഹായത്താൽ ഒരു ഇലക്ട്രിക്കല്‍ എന്ജിനിയറിംഗ് സ്ഥാപനം തുടങ്ങി. സ്ഥാപനം മോശമില്ലാത്ത രീതിയിൽ എത്തിയതോടെ റോയിസ് സ്വന്തമായി ഒരു കാർ വാങ്ങി. എന്നാൽ ഒരു മെക്കാനിക്ക് എൻജിനീയറായ അദ്ദേഹത്തിന് അതിന്റെ പ്രവർത്തനത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ താൻ സ്വന്തമായി ഒരു കാർ നിർമ്മിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ച് തുടങ്ങി.

അങ്ങനെ തന്റെ അഭിരുചിക്കനുസരിച്ച് അദ്ദേഹം എഞ്ചിനും ഷാസിയും രൂപ കല്‍പ്പന ചെയ്തു ഒരു കാർ നിർമ്മിച്ചു. ഇത് വിപണിയിൽ വലിയ വിജയമായതോടെ അദ്ദേഹം ഇലക്രിക്കല്‍ എന്ജിനിയറിംഗില്‍ നിന്ന് കാര്‍ നിര്‍മാണ രംഗത്തേക്ക് ചുവടു മാറ്റി.

പിന്നീട് ലോക പ്രസിദ്ധമായ റോയല്‍ ഓട്ടോ മൊബൈല്‍ ക്ലബിന്റെ സ്ഥാപക അംഗമായ, റോള്‍സ് ആന്‍റ് കമ്പനിയുടെ ഉടമയുമായ ചാൾസ് റോള്‍സ് യാദൃശ്ചികമായി അദ്ദേഹത്തെ പരിചയപ്പെട്ടു. അങ്ങനെ ഹെന്‍ട്രി റോയിസ് നിര്‍മ്മിക്കുന്ന കാറുകള്‍ റോള്‍സ് റോയിസ് എന്ന പേരില്‍ അയാള്‍ വിറ്റഴിക്കാമെന്ന് ഉറപ്പു നല്‍കി. അങ്ങനെ കമ്പനി പുറത്തിറക്കിയ നിരവധി കാറുകളിൽ, ‘റോള്‍സ് റോയിസ് സില്‍വര്‍ ഗോസ്റ്റ്’ എന്ന ബ്രാന്‍ഡ്‌ ലോകത്തിലെ ഏറ്റവും മികച്ച കാര്‍ എന്ന അംഗീകാരം നേടി.

പിന്നീട് 32 -മത്തെ വയസിൽ ഒരു വിമാനാപകടത്തിൽ റോൾസ് കൊല്ലപെട്ടു.