‘ഓസ്‌കര്‍ സദസില്‍ ടൊവിനോ’; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ജേതാക്കള്‍ക്ക് താരത്തിന്റെ ആശംസകള്‍

February 25, 2019

ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘ഗ്രീന്‍ ബുക്ക്’ ആണ് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം നേടിയിരിക്കുന്നത്. പീറ്റര്‍ ഫാരെലിയാണ് സംവിധായകന്‍. റമി മാലെക് മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടി. ‘ബൊഹീമിയന്‍ റാപ്‌സഡി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം പുരസ്‌കാരം നേടിയത്. ‘ദ് ഫേവറൈറ്റ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഒലീവിയ കോള്‍മാന്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോഴിതാ ഓസ്‌കര്‍ ജേതാക്കള്‍ക്ക് വിത്യസ്തമായ രീതിയില്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ആന്‍ഡ് ദ് ഓസ്‌കര്‍ ഗോസ് ടു’. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ടൊവിനോ ഓസ്‌കര്‍ ജേതാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ഓസ്‌കര്‍ സദസ്സില്‍ ഇരിക്കുന്ന ടൊവിനോയാണ് പോസ്റ്ററിലുള്ളത്.

സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ വിനുണ്ട്. ഒരു സിനിമയ്ക്കുള്ളിലെ മറ്റൊരു സിനിമയാണ് ചിത്രത്തിലെ പ്രേമേയം. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബിജിബാലാണ് സംഗീതം.