ഉശിരത്തി പെണ്ണായി അപര്‍ണ്ണ; ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യിലെ വീഡിയോ ഗാനം

February 28, 2019

തീയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി എന്ന പുതിയ ചിത്രം. കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’. അപര്‍ണ്ണ ബാലമുരളിയാണ് നായികയായി ചിത്രത്തിലെത്തുന്നത്. ജിത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി.

‘ഉശിരത്തിപ്പെണ്ണൊരുത്തി…’ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഉശിരത്തിപ്പെണ്ണായാണ് അപര്‍ണ്ണ ബാലമുരളി ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും. ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അരുണ്‍ വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ഒരിടവേളയ്ക്ക് ശേഷം അഫ്‌സല്‍ ആലപിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ഇതിനോടകംതന്നെ ഒരുലക്ഷത്തിലധികം ആളുകള്‍ ഒരുദിവസംകൊണ്ട് ഈ ഗാനം കണ്ടുകഴിഞ്ഞു.

Read more:സിമ്പിളായി വന്ന് കൈയടി നേടിയ നായകന്‍; ‘ജോസഫി’ലെ കുറ്റാന്വേഷണരംഗം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രെയ്‌ലര്‍ ഒരുക്കിയത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രവും ഹാസവ്യം ആക്ഷനുമൊക്കെ ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു റൗഡിയായാണ് കാളിദാസ് ജയറാം ചിത്രത്തിലെത്തുന്നത്.

സായ്കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, വിഷ്ണു ഗോവിന്ദന്‍, ഷെബിന്‍ ബെന്‍സണ്‍, ഗണപതി, എസ്തര്‍ അനില്‍, ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡിയുടെ നിര്‍മ്മാണം.