‘ആകാശഗംഗ’യ്ക്ക് രണ്ടാം ഭാഗം വരുന്നു; നായികയെ തേടി സംവിധായകന്
1999-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ‘ആകാശഗംഗ’. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഭയാനകമായ മുഹൂര്‍ത്തങ്ങളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ടെലിവിഷന്‍ സ്ക്രീനുകളിലും ചിത്രം മികച്ച സ്വീകാര്യത നേടി. വിനയനാണ് ‘ആകാശഗംഗ’ എന്ന സിനിമയുടെ സംവിധായകന്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. സംവിധായകനായ വിനയന് തന്നെയാണ് ഈ വിശേഷം പ്രേക്ഷകരുമായി പങ്കുവെച്ചത്. 150 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് ‘ആകാശംഗംഗ’.
ഏപ്രിലില്‍ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും. അതിനുശേഷം മോഹന്‍ലാല്‍ ചിത്രത്തിന്റെ പണിപ്പുരയിലേക്കു പ്രവേശിക്കുമെന്നും വിനയന് ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിനുവേണ്ടി നായിക കഥാപാത്രത്തെ ആവശ്യമുണ്ട്. 17 നും 22 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് അവസരം. അഞ്ചടി നാലിഞ്ചിന് മുകളില്‍ ഉയരമുള്ളവരും അഭിനയ താല്‍പര്യമുള്ളവരുമായിരിക്കണം.
വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പ്രിയ സുഹൃത്തുക്കളെ..
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഒാടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിൻെറ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. ജയസൂര്യ നായകനാകുന്ന ചിത്രത്തിൻെറയും “നങ്ങേലി” എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു..
ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ് ബുക്ക്പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും
Read more:അപ്പനൊപ്പം ബിയറടിക്കുന്ന മകള്‍; ‘ജൂണി’ലെ പ്രേക്ഷകര്‍ ഏറ്റെടുത്ത വീഡിയോ രംഗം ഇതാ
മാണിക്യശ്ശേരി കുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെടുന്ന അവിടുത്തെ ദാസിയായ ഗംഗ എന്ന പെണ്‍കുട്ടി യക്ഷിയായ് പരിണമിക്കുന്നതും, അവളുടെ പക തലമുറകളായി ഈ കുടുംബത്തില്‍ വരുത്തുന്ന പ്രശ്നങ്ങളുമാണ് ആകാശഗംഗ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ബെന്നി പി. നായരമ്പലമാണ് ആകാശഗംഗ എന്ന സിനിമയുടെ തിരക്കഥ രചിച്ചത്. ബേണി ഇഗ്നേഷ്യസ് ഈണം പകര്‍ന്ന മനോഹര ഗാനങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരുകാലത്ത് മലയാളികള്‍ ഏറ്റുപാടിയിരുന്നു ചിത്രത്തിലെ ഗാനങ്ങളൊക്കെയും. ഭീകര രംഗങ്ങളും ശുദ്ധഹാസ്യവും ഇടകലര്‍ത്തി അവതരിപ്പിച്ച ആകാശഗംഗ വിനയന്റെ ഏറ്റവും വിജയം വരിച്ച ചിത്രമാണ്. ഈ ചിത്രം അവളാ ആവിയാ എന്ന പേരില്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു.