സംസ്ഥാനത്തെ 13 ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശം
കേരളത്തിൽ കനത്ത ചൂട്, സംസ്ഥാനത്തെ വയനാട് ഒഴികെ പതിമൂന്ന് ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശം. സൂര്യാഘാത മുന്നറിയിപ്പ് ശനിയാഴ്ച വരെ തുടരും. അറുപത്തഞ്ച് പേർക്ക് ഇന്നലെ സൂര്യാതാപമേറ്റു. ശരീരത്തിലുണ്ടായ പൊള്ളലിനെത്തുടർന്ന് ആലപ്പുഴയില്‍ പത്ത് പേരും, പാലക്കാട് ഒന്‍പത് പേരും ചികിത്സ തേടി.
കനത്ത ചൂടിനെത്തുടർന്ന് തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഏഴ് പേര്‍ക്കും, കോട്ടയത്ത് ആറു പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്കും, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് അഞ്ച് പേര്‍ക്കും, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മൂന്ന് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കും, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കും വീതം സൂര്യതാപമേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നതിന് ആരോഗ്യ വകുപ്പ് നൽകിയ ജാഗ്രതാ നിർദ്ദേശം തുടരും. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന റിപ്പോർട്ട്. വയനാട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പകൽ സമയത്ത് സൂര്യനുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള സമയത്ത് പുറത്തിറങ്ങുന്നതിൽ നിന്നുമാണ് കനത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം സംസ്ഥാനത്ത് ഇതിനോടകം 284 പേര്‍ക്ക് സൂര്യാതപം ഏറ്റിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രത്യേക സമതിയെയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
Read also: അവൻ അവതരിച്ചു, സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ട് ലൂസിഫർ; റിവ്യൂ..
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുള്ളതിനേക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് നിര്‍ദ്ദേശം. അതേസമയം സൂര്യഘാതത്തിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് സംസ്ഥാനത്ത്. പാലക്കാട് തുടര്‍ച്ചയായി മൂന്നാം ദിവസവും 41 ഡിഗ്രി സെല്‍ഷ്യസാണ് ചൂട്.