ബിജു മേനോൻ ലാൽ ജോസ് കൂട്ടുകെട്ടിൽ ’41’ ഒരുങ്ങുന്നു
ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘നാല്പത്തിയൊന്ന്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മോനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാൽപത്തിയൊന്ന്. കണ്ണൂർ ജില്ലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ്. ‘തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു തുടങ്ങിയ തലശ്ശേരിയിലെ മണ്ണില്‍ നാല്പത്തിയൊന്നിലെ കഥാപാത്രങ്ങള്‍ നടന്ന് തുടങ്ങിയിരിക്കുന്നു.’ എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് ലാല്‍ജോസ് പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്ത്രതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. അജയന് മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read more: പ്രണയം തുളുമ്പുന്ന നോട്ടവുമായി കാളിദാസ്; ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലെ പുതിയ ഗാനം കാണാം..
തട്ടുംപുറത്ത് അച്യുതനാണ് ലാൽ ജോസിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം . മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്’. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.
‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. ഷെബിന്‍ ബക്കറാണ് ‘തട്ടിന് പുറത്ത് അച്യുതന്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
അതേസമയം ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്ന നിമിഷ സജയനാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ചോല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെതേടി പുരസ്കാരമെത്തിയത്.