ചൂട് കനക്കുന്നു; അഞ്ച് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂട് കനക്കുന്നു. വേനല്‍ കടുത്ത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ് നല്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ശരാശരി താപനില നാല് ഡിഗ്രി വരെ ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയും താപനില ഈ ജില്ലകളില്‍ ഉയരാന്‍ സാധ്യത ഉണ്ട്.
അതേസമയം രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനിടെ സൂര്യതപമേറ്റ 4 പേര് മരിച്ചു. 140 പേര്‍ക്ക് സൂര്യാതപം മൂലം പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു.
ചൂടു കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയാന്‍ സാധ്യത കൂടുതലാണ്. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. അതിനാല്‍തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും ചൂടുകാലത്ത് ശീലമാക്കണം. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. കിണറുകളിലെ വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കില്‍ കിണറുകള്‍ പൂര്‍ണ്ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
Read more:‘ഇതിഹാസങ്ങള്‍ക്കൊപ്പം’; മനോഹരചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
ചൂടുകാലങ്ങളില്‍ വസ്ത്രധാരണത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങള്‍ എപ്പോഴും തെരഞ്ഞെടുക്കുന്നതാണ് നല്ലത്. കോട്ടണ്‍ വസ്ത്രങ്ങള്‍ ചൂടുകാലത്ത് ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ ഉത്തമം. ഒതുപോലെതന്നെ വീടും പരിസരവും ചൂടുകാലത്ത് വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. ചപ്പുചവറുകള്‍ കൂട്ടിയിടാതിരിക്കാന്‍ ശ്രദ്ധിക്കണം. തീ പിടിക്കാനും തീ പടരാനുമുള്ള സാഹചര്യം ചൂടുകാലത്ത് കൂടുതലാണ്.
പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഒരുപരിധിവരെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതുപോലെതന്നെ നിര്‍ജ്ജലീകരണാവസ്ഥയെ തടയാനും പഴങ്ങള്‍ ഗുണം ചെയ്യും. അതേസമയം വഴിവക്കില്‍ നിന്നും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നുമെല്ലാം ലഭിക്കുന്ന പാനിയങ്ങള്‍ പരമാവധി കഴിക്കാതിരിക്കുക. ഇത്തരം പാനിയങ്ങള്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും.