നടൻ മുകേഷ് ഗായകനാകുന്നു; പുതിയ ചിത്രം ഉടൻ

നടനും എം എൽ എയുമായ മുകേഷ് ഗായകനാകുന്നു. നവാഗതനായ സുജിത് വിഘ്നേശ്വർ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ‘രമേശൻ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ഗായകനാകുന്നത്. ജെമിനി ഉണ്ണികൃഷ്ണൻ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഗോവൻ സ്റ്റൈൽ ഗാനമാണ് മുകേഷ് ആലപിക്കുന്നത്.
ഒരു ഓൺലൈൻ ടാക്സി ഡ്രൈവറുടെ കഥ പറയുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുന്നത് മണികണ്ഠൻ പട്ടാമ്പിയാണ്. ഇടത്തരം കുടുംബത്തിൽ ജനിച്ചുവളർന്ന രമേശൻ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളുമാണ് ‘രമേശൻ ഒരു പേരല്ല’ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. സാധാരണക്കാരനായ ഒരു വ്യക്തയുടെ ജീവിതത്തിൽ മറ്റുള്ളവരുടെ ദുരാഗ്രഹം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഇന്ത്യയിൽ ഇപ്പോൾ നിലനിൽക്കുന്ന നിയമ സംവിധാനത്തിലെ പോരായ്മകളെ തുറന്നുകാണിക്കുന്ന ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു റിയലിസ്റ്റിക് സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ മണികണ്ഠനൊപ്പം ദിവ്യദർശൻ ദേവൻ, രാകേഷ് ശർമ്മ, കൃഷ്ണ കുമാർ, കൃഷ്ണൻ ബാലകൃഷ്ണൻ, അരുൺ നായർ, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ഷൈലജ, മിനി തുടങ്ങി നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്. അതോടൊപ്പം സ്കൂൾ ഓഫ് ഡ്രാമയിലെ നിരവധി കലാകാരന്മാരും ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുന്നുണ്ട്.
രമേശൻ ഒരു പേരല്ല എന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുനിൽ പ്രേം ആണ്. അർജുൻ മേനോൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് ജ്യോതിഷ് ശങ്കറാണ്. അതേസമയം നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയ മുകേഷ് ആദ്യമായി ഗായകനാകുന്ന ചിത്രം തിയേറ്ററുകളിൽ ഉടൻ പ്രദർശനത്തിനെത്തും.