ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ വര്‍ധന
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ കുത്തനെ വര്‍ധനവ് വരുത്തി വിമാനക്കമ്പനികള്‍. അവധിക്കാലമെത്തിയതോടെയാണ് ഈ നിരക്കു വര്‍ധന. യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന തരത്തിലാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് ഏപ്രില്‍ മുതല്‍ വന്‍ തുക യാത്രാ നിരക്കായി നല്‍കേണ്ടി വരും.
6,000 മുതല്‍ 12,000 വരെയായിരുന്ന നിരക്ക് അറുപതിനായിരത്തിലും മുകളില്‍ എത്തിയിരിക്കുകയാണ്. ദുബായിലേക്ക് 69,000, ദോഹയിലേക്ക് 88,000 എന്നിങ്ങനെയാണ് ഏപ്രില്‍ മുതലുള്ള നിരക്കുകള്‍. അതേസമയം 20,000 മുതല്‍ 40,000 വരെയാണ് കുവൈറ്റ്, ദമാം, ഷാര്‍ജ, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള യാത്ര നിരക്ക്. പുതുക്കിയ നിരക്ക് പ്രകാരം റിയാദിലേക്ക് 40,000 മുതല്‍ 50,000 രൂപ വരെ ടിക്കറ്റ് നിരക്കായി നല്‍കേണ്ടി വരും.
സ്കൂളുകള്‍ അടച്ച് വേനലവധി ആരംഭിച്ചതിനാലാണ് നിരക്ക് വിമാന കമ്പനികള്‍ ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍, സ്പൈസ് ജെറ്റ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്സ്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനികളെല്ലാം തന്നെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ഇക്കണോമി ക്ലാസില്‍ ആവശ്യത്തിന് സീറ്റുകള്‍ ലഭ്യമാകുന്നില്ല എന്നും പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്.
Read more:ജീര്‍ണിച്ച മൃതദേഹം താഴെയിറക്കാന്‍ മരത്തില്‍ കയറി എസ്ഐ; കൈയടിച്ച് സോഷ്യല്‍മീഡിയ
എന്നാല്‍ ഉയര്‍ന്ന തോതിലുള്ള ഈ ടിക്കറ്റ് നിരക്ക് വര്‍ധനവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിനോട് ആവശ്യപ്പെട്ടു. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഗള്‍ഫ് നാടുകളില്‍ നിന്നും ഇങ്ങോട്ടേക്കും തിരിച്ച് അങ്ങോട്ടേയ്ക്കും വലിയ തോതില്‍ മലയാളികള്‍ യാത്ര ചെയ്യുന്നുണ്ട്. ടിക്കറ്റ് നിരക്കിലെ വര്‍ധനവ് യാത്രക്കാരെ കാര്യമായി തന്നെ ബാധിക്കും. യാത്രക്കാര്‍ കൂടുതലുള്ള സാഹചര്യം മുതലെടുക്കാനാണ് വിമാനക്കമ്പനികളുടെ ശ്രമം. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് പുതുക്കിയ നിരക്ക് താങ്ങാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.