‘കേസരി’യിലെ അക്ഷയ് കുമാറിന്റെ തലപ്പാവിനുമുണ്ട് ചില പ്രത്യേകതകള്‍

March 21, 2019

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കേസരി’ എന്ന ചിത്രം തീയറ്ററുകളിലേക്കെത്തുന്നു. ട്രെയ്‌ലര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തിനായി പ്രതിക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ട്രെയ്‌ലര്‍ മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു. ട്രെയ്‌ലര്‍ കണ്ട കാഴ്ചക്കാരുടെ എണ്ണം മിനിറ്റുകള്‍ക്കൊണ്ട് ലക്ഷങ്ങള്‍ പിന്നിട്ടതും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായി.

1897 ല്‍ നടന്ന സരാഘര്‍ഹി യുദ്ധത്തെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന ചരിത്ര സിനിമയാണ് ‘കേസരി’. ദൃശ്യവിസ്മയങ്ങളുമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. യുദ്ധത്തില്‍ 10000 അഫ്ഗാന്‍ സേനാനികളോട് ഏറ്റുമുട്ടിയ സിഖുകാരുടെ കഥയാണ് കേസരിയില്‍ ആവിഷ്‌കരിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള അക്ഷയ് കുമാറിന്റെ മെയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. ഹവില്‍ദാര്‍ ഇഷര്‍ സിംഗ് എന്നാണ് കേസരിയിലെ അക്ഷയ് കുമാര്‍ കഥാപാത്രത്തിന്റെ പേര്.

ചിത്രത്തിനു വേണ്ടിയുള്ള അക്ഷയ് കുമാറിന്റെ വേഷവിധാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. വലിയൊരു തലപ്പാവാണ് താരം അണിഞ്ഞിരിക്കുന്നത്. ഈ തലപ്പാവ് തന്നെയാണ് കഥാപാത്രത്തിന്റെ മുഖ്യ ആകര്‍ഷണവും. ഈ തലപ്പാവിന് ആറ് കിലോയോളം ഭാരമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഡിസൈനറായ ശീതള്‍ ശര്‍മ്മയാണ് ഈ തലപ്പാവിന് പിന്നില്‍. 18 മീറ്റര്‍ തുണി കൊണ്ടാണ് ഈ തലപ്പാവ് നിര്‍മ്മിച്ചിരിക്കുന്നത്. യുദ്ധസമയത്ത് വെടിയുണ്ടകളില്‍ നിന്നും സംരക്ഷണം നേടാന്‍ ഇത്തരം തലപ്പാവുകള്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയ്ക്കു വേണ്ടി ഇതേ രീതിയിലുള്ള തലപ്പാവ് നിര്‍മ്മിക്കുകയായിരുന്നു.

Read more:നായകനായ് ബാലു വര്‍ഗീസ്; ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ഒരുങ്ങുന്നു

ഉറപ്പിനു വേണ്ടി മെറ്റല്‍ കൊണ്ടുള്ള ഒരു റിങ്ങും തലപ്പാവില്‍ ഉപയോഗിച്ചിട്ടുണ്ട്. ചക്ര എന്നാണ് ഈ റിങ്ങിനു പറയുന്ന പേര്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു ആയുധമായും ഇത് ഉപയോഗിക്കാം. ഒരു മണിക്കൂറിലധികമാണ് ഈ തലപ്പാവ് ചുറ്റിയെടുക്കാന്‍ വേണ്ട സമയം. ചിത്രീകരണ വേളയില്‍ തലപ്പാവ് അക്ഷയ് കുമാറിന് ഏറെ ബുദ്ധിമുട്ടുകള്‍ നല്‍കിയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

അനുരാഗ് സിങ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചാബി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനായ അനുരാഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘കേസരി’. പരിനീതി ചോപ്ര കേസരിയില്‍ നായികാ കഥാപാത്രമായെത്തുന്നു.