അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവിലെ പുതിയ ഗാനത്തിനും ആരാധകര്‍ ഏറെ

March 6, 2019

കാല്‍പ്പന്തു കളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും കളിയില്‍ അല്‍പ്പം കാര്യവും നിറഞ്ഞ കഥ പറയാന്‍ ഒരുങ്ങുകയാണ് ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്’. കാളിദാസ് ജയറാമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മിഥുന്‍ മാനുവല്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ഈ മാസം 22 ന് ചിത്രം തീയറ്ററുകളിലെത്തും. ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയായെത്തുന്നു. ഇപ്പോഴിതാ ‘അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ്’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനമാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും ഗാനരംഗത്തു നിറഞ്ഞു നില്‍ക്കുന്നു. മനോഹരമായൊരു ആഘോഷപാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.

‘കാത്തു കാത്തെ…’ എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു കഴിഞ്ഞു. സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബി കെ ഹരിനാരായണനാണ് ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയുടെ മനോഹരമായ നൃത്തച്ചുവടുകളും ഗാനരംഗത്ത് ഇടം നേടിയിട്ടുണ്ട്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read more:പ്രിയ ‘മണി’നാദം നിലച്ചിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം

‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങി നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംസിധായകനും തിരക്കഥാകൃത്തുമാണ് മിഥുന്‍ മാനുവല്‍ തോമസ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. കാട്ടൂര്‍ക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.

കോട്ടയം കുഞ്ഞച്ചന്‍, ആട് 3 , തുടങ്ങി നിരവധിചിത്രങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസിന്റേതായി പുറത്തിറങ്ങാനുള്ളത്. മിഥുന്‍ മനുവലിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവും ആരാധകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

അതേസമയം ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച് നായകനായി തിരിച്ചുവരവ് നടത്തിയ കാളിദാസിലും പ്രേക്ഷകര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയാണ് താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് തീയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.