പ്രേക്ഷകമനം കവർന്ന് ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലെ പുതിയ ഗാനം..

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്. ബി ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് ഗോപിസുന്ദറാണ്. ഒരു കല്യാണ വീടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.
കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്. കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം. .
അതേസമയം കാളിദാസിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്. വലിയ താരനിരകൾ ഒന്നിക്കുന്ന ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ നിറഞ്ഞാടികൊണ്ടിരിക്കുകയാണ്.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ജിത്തു ജോസഫും ചേര്‍ന്നാണ് മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിയുടെ നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെയാണ്. ചിത്രത്തിൽ കാളിദാസിനും അപർണ്ണയ്ക്കുമൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ എന്നിവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അതേസമയം മലയാളത്തിൽ നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമാലോകം.