ശ്രദ്ധേയമായി ജൂണിലെ ‘അസുര ഇന്‍ട്രോ സോങ്’; വീഡിയോ

March 13, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജൂണ്‍ എന്ന ചിത്രം. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ക്ലാസിലെ കുട്ടികളെ പരിചയപ്പെടുത്താന്‍ അധ്യാപിക ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട് ചിത്രത്തില്‍ ഓരോരുത്തരും വിത്യസ്തമായി എന്തെങ്കിലും ചെയ്തുകൊണ്ട് മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക. ഈ സീനിലാണ് അസുര എന്ന ഇന്‍ട്രോ സോങ്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു ഈ ഗാനം. ഇപ്പോഴിതാ യുട്യൂബില്‍ റിലീസ് ചെയ്ത അസുരയുടെ ഇന്‍ട്രോ സോങിനും മികച്ച പ്രതികരണം. അഞ്ച് ലക്ഷത്തിലധികം പേരാണ് ദിവസങ്ങള്‍ക്കൊണ്ട് ഈ ഗാനം കണ്ടത്. സ്‌കൂളോര്‍മ്മകളിലേക്ക് നയിക്കുന്ന മനോഹരമായൊരു ന്യൂജനറേഷന്‍ ഗാനമാണിത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഇഫ്തി സംഗീതം പകര്‍ന്നിരിക്കുന്നു.

ചിത്രത്തിന്റെ ഒരു ടീസര്‍ കൂടി അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സിനിമയിലെ മനോഹരമായ ഒരു രംഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രജിഷയാണ് ജൂണ്‍ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രം. ജോജു ജോര്‍ജും പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. രജിഷയും ജോജുവും തമ്മിലുള്ള രസകരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ടീസറിലൂടെ അടുത്തിടെ പുറത്തുവിട്ടത്.

ഇരുവരും ചേര്‍ന്ന് ബിയറു കുടിക്കുന്ന ഈ രംഗം തീയറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും നിറഞ്ഞ കൈയടി ലഭിക്കുന്നുണ്ട് ഈ രംഗത്തിന്. ചിത്രത്തില്‍ ജോജുവിന്റെ മകളായാണ് രജിഷ വിജയന്‍ എത്തുന്നത്. ബിയര്‍ കുടിക്കുന്ന മകളോട് ‘കൊള്ളം, പക്ഷെ ശീലമാക്കേണ്ട’ എന്നും ജോജു പറയുന്നുണ്ട്. ബിയറു കുടിച്ച ശേഷം ഉത്തരക്കടലാസിലെ മാര്‍ക്ക് തിരുത്തിയ സംഭവം കരഞ്ഞുകൊണ്ട് രജിഷ പറയുന്നുണ്ട് ഈ രംഗത്തില്‍. നിഷ്‌കളങ്കതയോടെയുള്ള രജിഷയുടെ പറച്ചില്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നു.

Read more:ശ്രദ്ധേയമായി ഹരിശ്രീ അശോകന്റെ പുതിയ മേയ്ക്ക്ഓവര്‍

അതേസമയം നേരത്തെ പുറത്തിറങ്ങിയ ജൂണിലെ ഓരോ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനങ്ങള്‍ക്ക് ലഭിക്കുന്നത്. നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.