ധനുഷിന്റെ ഭാര്യയായി മഞ്ജു; ‘അസുരന്റെ’ ലൊക്കേഷൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

March 29, 2019

മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യർ തമിഴിൽ അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രമാണ് അസുരൻ. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷിന്റെ ഭാര്യയായാണ് മഞ്ജു അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അതേസമയം മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായ മഞ്ജു തങ്ങളുടെ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചത് ഭാഗ്യമാണെന്നും, എല്ലാവരോടും വളരെ നന്നായി മാത്രം സംസാരിക്കുന്ന താരം ലൊക്കേഷനിൽ എല്ലാവരുടെയും പ്രിയങ്കരിയാണെന്നും സംവിധായകൻ വെട്രിമാരൻ നേരത്തെ പറഞ്ഞിരുന്നു. ഈ കഥാപാത്രം ചെയ്യാൻ മഞ്ജുവിനേക്കാൾ മികച്ച മറ്റൊരാൾ ഇല്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ആദ്യ ചിത്രം ധനുഷിനൊപ്പം ചെയ്യാൻ സാധിച്ചതിന്റെ ആവേശത്തിലാണ് മഞ്ജു വാര്യർ.

തമിഴിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച കൂട്ടുകെട്ടാണ് സംവിധായകൻ വെട്രിമാരൻ നടൻ ധനുഷ് എന്നിവരുടേത്. ‘വട ചെന്നൈ’യ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇരുവർക്കുമൊപ്പം നായികയായി മഞ്ജു വാര്യർ എത്തുന്നുവെന്ന ആരാധകരിൽ ഇരട്ടി മധുരം നല്കിയിരിക്കുകയാണ്.

കലൈപുള്ളി എസ് താണുവിന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന അസുരൻ ഒരുക്കുന്നത് തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിനെ ആധാരമാക്കിയാണെന്നാണ് അറിയുന്നത്.