ആരാധകനെ അമ്പരപ്പിച്ച് വീണ്ടും ധോണി; സമൂഹ മാധ്യമങ്ങളിൽ തരംഗമായി തലയുടെ ഓട്ടം, വീഡിയോ കാണാം..

March 19, 2019

ക്രിക്കറ്റ് ലോകത്ത് മഹേന്ദ്ര സിങ് ധോണിക്ക് ആരാധകർ ഏറെയാണ്. താരത്തെ ഒന്ന് കാണണം, ഒന്ന് തൊടണമെന്നൊക്കെ ആഗ്രഹിക്കാത്ത ക്രിക്കറ്റ് പ്രേമികൾ ഉണ്ടാവില്ല. കാരണം ഇന്ത്യൻ ക്രിക്കറ്റിന് അത്രമേൽ പ്രിയപ്പെട്ടതാണ് തല. ക്രിക്കറ്റിലെ മികച്ച പ്രകടനം കൊണ്ട് മാത്രമല്ല താരം ആരാധകരുടെ പ്രിയപ്പെട്ടവനാകുന്നത് ആരാധകരോടുള്ള സ്നേഹം കൊണ്ടും കൂടിയാണ്. താരത്തിന്റെ ആരാധകരോടുള്ള സ്നേഹത്തിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

താരത്തോടുള്ള ആരാധകരുടെ സ്നേഹത്തിന്റെ പലഭാവങ്ങളും നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മത്സരങ്ങള്‍ക്കിടെ ധോണിയെ കാണാന്‍ വേണ്ടി മാത്രം ആരാധകര്‍ ഗ്രൗണ്ടിലിറങ്ങുന്നതും കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നാഗ്പൂരിൽ ഇന്ത്യ ഓസ്‌ട്രേലിയ മത്‌സരം നടന്നപ്പോഴും അത്തരമൊരു സംഭമുണ്ടായി. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ പരിശീലനത്തിനിടെയാണ് ധോണിയുടെ അടുത്തേക്ക് ആരാധകന് ഓടിയെത്തിയത്.

മത്‌സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകന്റെ സ്നേഹമാണ് ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഗ്രൗണ്ടിൽ ഇറങ്ങിയ ആരാധകൻ ധോണിയുടെ അടുത്തേക്ക് ഓടിയെത്തി. എന്നാല്‍ വന്‍ ഓട്ടക്കാരനായ താരം പിടികൊടുത്തില്ല.

ആദ്യം ചിരിയോടെ താരം ബാലാജിയുടെ പിന്നില്‍ മറഞ്ഞിരുന്നു. പിന്നീട് ബാലാജിയുടെ ചുറ്റിനും ഓടി, പിന്നാലെ ആരാധകനും ഓടി. ആരാധകന്‍ വിടുന്ന മട്ടില്ല. വീണ്ടും പിന്തുടര്‍ന്നു, ധോണി ഓടി. ആരാധകന്‍ പിന്നാലേയും. ചെന്നൈ സൂപ്പര്‍കിങ്സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ക്യാച്ച് മീ ഈഫ് യു ഫാന്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. രസകരമായ വീഡിയോ കാണാം..