മനോഹരം കുമ്പളങ്ങി നൈറ്റ്‌സിലെ ഈ ചെരാതുകള്‍ ഗാനം; വീഡിയോ

March 28, 2019

ചില രാത്രികള്‍ക്ക് ഭംഗി കൂടുതലാണ്. കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നില്‍ക്കുന്നു. ചില പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ സാക്ഷ്യമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ ഓരോ രംഗങ്ങളും പ്രേക്ഷകരുടെ ഉള്ളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്. ഒപ്പംതന്നെ ഏറെ മനോഹരങ്ങളാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും.

ചിത്രം കണ്ടിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ചെരാതുകള്‍ എന്നു തുടങ്ങുന്ന ഗാനം. ഈ വീഡിയോ ഗാനവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നതും. ഒരു ദിവസംകൊണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ ഗാനം കണ്ടുകഴിഞ്ഞു. സിത്താര കൃഷ്ണകുമാറിന്റെ ആലാപനവും ഏറെ മികച്ചതാണെന്നാണ് പ്രേക്ഷകരുടെ കമന്റ്.

Read more:ആലാപനത്തില്‍ അതിശയിപ്പിച്ച് അഞ്ജു; നൊസ്റ്റാള്‍ജിയ ഉണര്‍ത്തി കവര്‍സോങ്

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ഗാനങ്ങള്‍ക്കും ലഭിച്ചത്.