മുടി സംരക്ഷണത്തിനും മുഖ സൗന്ദര്യത്തിനും ബെസ്റ്റാണ് തേങ്ങ

March 19, 2019

മുഖ സൗന്ദര്യത്തിനും മുടിയുടെ അഴകിനുമൊക്കെയായി നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവർക്ക് ഒരു ആശ്വാസമാണ് തേങ്ങയും തേങ്ങാപ്പാലും വെളിച്ചെണ്ണയുമൊക്കെ.  ചർമ്മത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നത് ആളുകളിൽ അസ്വസ്ഥകൾ വർധിപ്പിക്കാറുണ്ട്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. വരണ്ട ചര്‍മം, പോഷകങ്ങളുടെ കുറവ്, വെള്ളം കുടിയ്ക്കാത്തത്, സ്‌ട്രൈസ്, ഉറക്കക്കുറവ്, അമിതമായി വെയിലേല്‍ക്കുന്നത് തുടങ്ങിയവയെല്ലാം പ്രായകൂടുതൽ തോന്നിക്കുന്നതിനുള്ള  കാരണങ്ങളാണ്.

മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനം മുഖത്തു വീഴുന്ന ചുളിവുകള്‍, കണ്ണിനു താഴേയുള്ള കറുപ്പ്, രക്തപ്രസാദമില്ലാത്ത വിളറി വെളുത്ത ചര്‍മം, അയഞ്ഞു തൂങ്ങുന്ന ചര്‍മം എന്നിവ പ്രായാധിക്യം തോന്നിപ്പിയ്ക്കുന്ന ചില ഘടകങ്ങള്‍ തന്നെയാണ്.

അതുപോലെ കാലാവസ്ഥയുടെ വ്യതിയാനത്തിനനുസരിച്ച് ചർമ്മത്തിനുണ്ടാകുന്ന രോഗങ്ങൾ പലപ്പോഴും ആളുകളിൽ വലിയ അസ്വസ്ഥത സൃഷ്ടിക്കാറുണ്ട്. കൂടുതലായും കൗമാരക്കാരെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അലട്ടാറുള്ളത്. വരണ്ട ചർമവും മുഖക്കുരുവുമൊക്കെ പലപ്പോഴും മുഖത്തിന്റെ ഭംഗി നശിപ്പിക്കാറുണ്ട്. എന്നാൽ ചര്‍മ്മസംരക്ഷണത്തിന് നിരവധി ഫേസ് പാക്കുകള്‍ ഇന്ന് ലഭ്യമാണ് പക്ഷെ അവയൊക്കെ ചിലപ്പോൾ വിനയായി മാറാനും സാധ്യതയുണ്ട്.

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് തേങ്ങ. തേങ്ങാപ്പാലിൽ വിറ്റമിൻ സി, ഇ, അയണ്‍, സോഡിയം, കാത്സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുഖകാന്തിയ്ക്കും ചർമ്മ സംരക്ഷണത്തിനും തേങ്ങാപ്പാൽ ശരീരത്തിൽ തേച്ചു പിടിപ്പിയ്ക്കുന്നത് ഒരു ശാശ്വത പരിഹാരമാണ്. തേങ്ങാപ്പാലിൽ അല്പം മഞ്ഞൾ ചേർത്ത ശേഷം ഇത് ശരീരത്തിലും മുഖത്തും തേച്ചുപിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. ഇതും ചർമ്മം വെട്ടിത്തിളങ്ങാൻ സഹായിക്കും.

Read also: ‘ആ കഥകളിൽ കേട്ടതൊന്നും സത്യമായിരുന്നില്ല’; ‘പോലീസ്’ അറിഞ്ഞതും അറിയേണ്ടതും ,

തേങ്ങ സ്വഭാവികമായി ശരീരത്തിൽ ഈർപ്പം സംരക്ഷിക്കാൻ സഹായിക്കുന്നവയാണ്​. ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താനും പോഷണം നൽകാനും ഇവ സഹായിക്കുന്നു. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും.

അതുപോലെ മുടിയുടെ സംരക്ഷണത്തിനും വെളിച്ചെണ്ണ അത്യുത്തമമാണ്. വെളിച്ചെണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുന്നത് മുടി തഴച്ച് വളരുന്നതിനും മുടിയ്ക്ക് കറുപ്പ് നിറം ഉണ്ടാകുന്നതിനും മുടിയിൽ ഉണ്ടാകുന്ന അകാല നരയെ ഇല്ലാതാക്കുന്നതിനും സഹായിക്കും. അതുപോലെ മുടിയിൽ ഉണ്ടാകുന്ന താരനും ശാശ്വത പരിഹാരമാണ് ശുദ്ധമായ വെളിച്ചെണ്ണ.