‘കുമ്പിടി’യുടെ മുടിയുമായി ‘കുന്തീശന്‍’; ശ്രദ്ധേയമായി കാരക്ടര്‍ പോസ്റ്റര്‍

March 16, 2019

‘നന്ദനം’ എന്ന സിനിമ ഓര്‍മ്മയില്ലേ. പൃഥിരാജും നവ്യ നായരും തകര്‍ത്തഭിനയിച്ച സിനിമ. ചിത്രത്തിലെ ‘കുമ്പിടി’ എന്ന കഥാപാത്രത്തെയും അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. മലയാളികളുടെ പ്രിയ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറാണ് നന്ദനത്തിലെ കുമ്പിടി എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയത്. കുമ്പിടിയുടെ ആ വലിയ ചുരുണ്ട മുടിക്കെട്ട് തന്നെയായിരുന്നു മുഖ്യ ആകര്‍ഷണം. ഇപ്പോഴിതാ കുമ്പിടിയുടെ മുടിക്കെട്ട് വീണ്ടും വെള്ളിത്തിരയിലെത്തുന്നു.

‘മേരാ നാം ഷാജി’ എന്ന പുതിയ ചിത്രത്തിലാണ് കുമ്പിടിയുടേതു പോലുള്ള മുടിക്കെട്ടുള്ള കഥാപാത്രം. ‘കുന്തീശന്‍’ എന്നാണ് കഥാപാത്രത്തിന്റെ പേര്. മലയാളികളുടെ പ്രിയ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയാണ് ചിത്രത്തില്‍ കുന്തീശന്‍ എന്ന കഥാപാത്രമായെത്തുന്നത്.

നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മേരാ നാം ഷാജി’. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം പ്രതിക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. മൂന്നുപേരുടെ കഥ പറയുന്ന ചിത്രമാണ് ഇത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് മേരാ നാം ഷാജി ഒരുക്കുന്നതെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു. ഷാജി എന്നു പേരുള്ള മൂന്നു പേരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജിയുടെയും കൊച്ചിയിലുള്ള അലവലാതി ഷാജിയുടെയും തിരുവനന്തപുരത്തുള്ള ഒരു ജെന്റരില്‍മാന്‍ ഷാജിയുടെയും കഥ.

 

View this post on Instagram

 

കൊച്ചിക്കാരൻ ഷാജിയുടെ ചങ്ക് “കുന്തീശൻ”.

A post shared by Dharmajan Bolgatty (@dharmajanbolgattyofficial) on

ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങി. ഷാജി എന്നത് കിടിലന്‍ പേരാണെന്നും കേരളത്തിലുള്ള എല്ലാവരും ഷാജീന്ന് പേരിട്ടാല്‍ നല്ലതണെന്നുമൊക്കെ ടീസറില്‍ പറഞ്ഞുവെയ്ക്കുന്നു. മലയാളത്തിലെ അനശ്വര നടന്‍ ജയന്റെ ‘നീയാണോടാ ഈ അലവലതി ഷാജി…’ എന്ന ഡയലോഗോടെയാണ് ടീസര്‍ അവസാനിക്കുന്നത്. ചിരി സമ്മാനിച്ചുകൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും.

ചിത്രത്തിലെ മൂന്നു ഷാജിമാരും മൂന്നു ജില്ലകളിലുള്ളവരാണ്. തിരുവനന്തപുരം ജില്ലയിലെ ഷാജിയായി ബൈജുവും കൊച്ചിയിലെ ഷാജിയായി ആസിഫ് അലിയും കോഴിക്കോട്ടെ ഷാജിയായി ബിജുമേനോനും ചിത്രത്തില്‍ വേഷമിടുന്നു. ഈ മൂന്നു ഷാജിമാരുടെയും ജീവിതം നര്‍മ്മരസം കലര്‍ത്തി പറയുകയാണ് മേരാ നാം ഷാജിയില്‍. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

Read more:വെള്ളിത്തിരയില്‍ ചിരിമയം തീര്‍ക്കാന്‍ ‘ഒരു യമണ്ടന്‍ പ്രേമകഥ

‘കഥയിലെ നായകന്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദിലീപാണ് ‘മേരാ നാം ഷാജി’യുടെ തിരക്കഥ. ‘അമര്‍ അക്ബര്‍ അന്തോണി’, ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് മേരാ നാം ഷാജി. ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഗണേഷ് കുമാര്‍, സുരേഷ് കുമാര്‍, രഞ്ജിനി ഹരിദാസ്, മൈഥിലി, നിര്‍മല്‍ പാലാഴി തുടങ്ങിയവരും മേരാ നാം ഷാജി എന്ന സിനിമയില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ രാകേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജോണ്‍കുട്ടി എഡിറ്റിങ് നിര്‍വ്വഹിക്കുന്നു.