ധോണിയുടെ മെയ്‌വഴക്കത്തിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

March 1, 2019

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 മത്സരം ഇന്ത്യക്ക് നഷ്ടമായെങ്കിലും മത്സരത്തിലെ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രകടനത്തിന് സോഷ്യൽ മീഡിയിൽ കൈയ്യടി ലഭിച്ചിരുന്നു. കളിയിൽ 23 പന്തില്‍ മൂന്ന് വീതം ബൗണ്ടറികളും സിക്‌സറുകളുമടക്കം 40 റണ്‍സായിരുന്നു ധോണി വാരിക്കൂട്ടിയത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ധോണിയുടെ സ്ട്രെച്ചിങ്ങാണ്. സ്റ്റമ്പൗട്ടില്‍ നിന്ന് രക്ഷപെടാന്‍ ധോണി തന്റെ കാലുകള്‍ സ്‌ട്രെച്ച് ചെയ്ത രീതിയായിരുന്നു ആരാധകര്‍ക്ക് ഏറെ കൗതുകം സമ്മാനിച്ചത്.  കാലുകൾ സ്ട്രെച്ച് ചെയ്തത്  2.14 മീറ്റര്‍ ദൂരമാണെന്നതാണ് ഏറെ കൗതുകകരമായത്.

പതിനൊന്നാം ഓവറില്‍ സ്‍പിന്നര്‍ ആദം സാംപയുടെ പന്തിലായിരുന്നു ധോണിയുടെ അഭ്യാസ പ്രകടനം. സാംപയെ ക്രീസിന് പുറത്തിറങ്ങി അടിക്കാന്‍ ധോനിയുടെ ശ്രമം. ഇത് മുന്‍കൂട്ടികണ്ട സാംപ വൈഡായാണ് പന്തെറിഞ്ഞത്. ധോനിയെ മറികടന്ന് പന്ത് വിക്കറ്റ്കീപ്പര്‍ പീറ്റർ ഹാന്‍ഡ്‌സ്‌കോമ്പിന്റെ കൈകളിലെത്തി. ഉടന്‍ തന്നെ ഹാന്‍ഡ്‌സ്‌കോമ്പ് ബെയ്ല്‍സ് തെറിപ്പിച്ചു. ഫീല്‍ഡ് അമ്പയര്‍ തീരുമാനം മൂന്നാം അമ്പയര്‍ക്കു വിട്ടു. റീപ്ലേയിലാണ് ക്രീസിലെ ആ രസകരമായ നിമിഷം കൂടുതല്‍ വ്യക്തമായത്. കാലുകൾ സ്ട്രെച്ച് ചെയ്തത്  2.14 മീറ്റര്‍ ദൂരമാണ്.

ആരാധകരെയും ഓസ്‌ട്രേലിയൻ താരങ്ങളെയും ഞെട്ടിച്ച ധോണിയുടെ മെയ്‌വഴക്കത്തിന് ഇതോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്..