ദിലീപിനൊപ്പം നാദിർഷയും; ‘ശുഭരാത്രി’ ഒരുങ്ങുന്നു

March 24, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിനൊപ്പം മുഖ്യകഥാപാത്രമായി നാദിർഷ കൂടി എത്തുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംവിധായകനായും ഗായകനായും ഗാനരചയിതാവായുമൊക്കെ തിളങ്ങുന്ന നാദിർഷ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവരുന്ന ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോടതിസമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ് ശുഭരാത്രി.

എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും  പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.

ചിത്രീകരണം തുടങ്ങിയ ശുഭരാത്രിയിലെ ദിലീപിന്റെയും അനു സിത്താരയുടെയും ചിത്രങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുളസി മാലയണിഞ്ഞ് നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അനു സിതാര തന്റെ ഇൻസ്റ്റ​ഗ്രാം പേജിലാണ് ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്.

Read also: ബിജു മേനോൻ ലാൽ ജോസ് കൂട്ടുകെട്ടിൽ ’41’ ഒരുങ്ങുന്നു

അതേസമയം ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലാണ്. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അതേസമയം ദിലീപ് നായകനായി വെള്ളിത്തിരയിൽ ജാക്ക് ഡാനിയേൽ എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.