ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
സംസ്ഥാനത്ത് ചൂട് കനക്കുന്നു. പുറത്തിറങ്ങിയാല്‍ എങ്ങും കനത്ത ചൂട് തന്നെ. ചൂടുകാലത്ത് ആരോഗ്യ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് ശരീരത്തിലെ ജലാംശം വേഗത്തില്‍ നഷ്ടപ്പെടും. നിര്‍ജ്ജലീകരണം എന്നാണ് ഈ അവസ്ഥയെ പറയുന്ന പേര്. ചൂടുകാലം ശരീരത്തിലെ താപനിലയും വര്‍ധിപ്പിക്കുന്നതിനാല്‍ നിര്ജലീകരണാവസ്ഥയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്.
വേനല്‍ കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നന്നായി വെള്ളം കുടിക്കുക എന്നതു തന്നെയാണ് ഒന്നാമത്തെത്. കുറഞ്ഞത് പത്ത് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം ഈ ദിവസങ്ങളില്‍. എപ്പോഴും ഒരു കുപ്പി വെള്ളം കൈയില്‍ കരുതുന്നതാണ് ഉത്തമം. അതുപോലെ തന്നെ പഴം ജ്യൂസുകള്‍ കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. തള്ളിമത്തന്‍ ജ്യൂസ്, നാരങ്ങാവെള്ളം, നെല്ലിക്ക ജ്യൂസ്, കുക്കുമ്പര്‍ ജ്യൂസ് എന്നിവയൊക്കെ വേനല്‍കാലത്ത് കുടിക്കുന്നത് ആരോഗ്യകരമാണ്. സംഭാരവും ചൂടുകലാത്ത് കുടിക്കുന്നത് നല്ലതാണ്. ഇതും ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും.
വേനല്‍കാലത്ത് ചായയുടെയും കാപ്പിയുടെയും ഉപയോഗം പരമാവധി ഒഴിവാക്കുന്നത് നല്ലത്. ഇവ ശരീരത്തിലെ താപനില വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ചായയ്ക്കും കാപ്പിയ്ക്കും പകരം തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് നല്ലത്. അതുപോലെതന്നെ വറുത്തതും പൊരിച്ചതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ചൂടുകാലത്ത് ഫാസ്റ്റ് ഫുഡുകള്‍ കഴിക്കുന്നതും അത്ര ഗുണകരമല്ല.
Read more:ചൂട് കനക്കുന്നു; അഞ്ച് ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ്
അതേസമയം ചൂടു കടുത്ത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ സൂര്യാതപ മുന്നറിയിപ്പ് നല്കി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ശരാശരി താപനില നാല് ഡിഗ്രി വരെ ഉയരുമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയും താപനില ഈ ജില്ലകളില്‍ ഇയരാന്‍ സാധ്യത ഉണ്ട്.
അതേസമയം രാവിലെ 11 മണി മുതല്‍ മൂന്നു മണി വരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനിടെ സൂര്യതപമേറ്റ 4 പേര് മരിച്ചു. 140 പേര്‍ക്ക് സൂര്യാതപം മൂലം പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു.