ലൂസിഫറില്‍ ഫാദര്‍ നെടുമ്പിള്ളിയായ് സംവിധായകന്‍ ഫാസില്‍; കാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍

March 6, 2019

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ലയാളികളുടെ പ്രിയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പുതിയൊരു വാര്‍ത്ത കൂടി. സംവിധായകന്‍ ഫാസിലും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഫാദര്‍ നെടുമ്പിള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫാസില്‍ അവതരിപ്പിക്കുന്നത്. ഫാസിലിന്റെ കാരക്ടര്‍ പോസ്റ്ററും  മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചു.

മലയാള ചലച്ചിത്ര ലോകത്തിന് ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ഫാസില്‍. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന ഫാസില്‍ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് ലൂസിഫറിലൂടെ. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലേക്കുള്ള അരങ്ങേറ്റംതന്നെ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. നീണ്ട 33 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഇരുവരും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും ലൂസിഫര്‍ എന്ന സിനിമയ്ക്കുണ്ട്.

അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി ആഴ്മുചകള്‍ക്കു മുന്നേയാണ് 26 ദിവസങ്ങള്‍ക്കൊണ്ട് 26 വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.

Read more:വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് അധ്യാപകര്‍; വീഡിയോയ്ക്ക് കൈയടിച്ച് സോഷ്യല്‍മീഡിയ

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.