വെള്ളിത്തിരയിൽ ആക്ഷനും ആകാംഷയും നിറച്ച് ഗാംബിനോസ് എന്ന അധോലോക കുടുംബം

March 8, 2019

മലയാള സിനിമയ്ക്ക് ഒരു കരുത്തുറ്റ നായകനെയും സംവിധായകനെയും സമ്മാനിച്ച ചിത്രമാണ്  ഗാംബിനോസ്. മലബാറിലെ ഒരു മാഫിയ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് നവാഗതനായ ഗിരീഷ് പണിക്കർ മാട്ടട സംവിധാനം നിർവഹിച്ച ഗാംബിനോസ്.

കൊല്ലിനും കൊലയ്ക്കും പേരുകേട്ട കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബ ബന്ധങ്ങളുടെ കഥപറയുന്ന ചിത്രമാണ് ഗാംബിനോസ്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ മുസ്തഫയായി വേഷമിടുന്നത് സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആണ്.

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഒരു ഇറ്റാലിയൻ അധോലോക  കുടുംബത്തിന്റെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സംവിധായകൻ ഗിരീഷ് ഗാംബിനോസ് എന്ന ചിത്രം ഒരുക്കിയത്. മയക്കുമരുന്നിന്റെയും കുറ്റകൃത്യങ്ങളുടെയും ലോകത്ത് ഗാംബിനോസിനെ മാതൃകയാക്കിയിരുന്ന ഒരു കുടുംബം മലബാറിലും ഉണ്ടായിരുന്നു. ഇവരുടെ ജീവിതവും കുടുംബപശ്ചാത്തലവും പറയുന്ന ചിത്രത്തിൽ സാധാരണ ഒരു അധോലോക കുടുംബത്തെ ക്രൂരമായ കണ്ണുകളിലൂടെ മാത്രം കാണുന്ന പ്രേക്ഷകർക്ക് ഇത് തികച്ചും ഒരു തിരിഞ്ഞുനോട്ടം സൃഷ്ടിക്കുന്നുണ്ട്.

ഭരണകൂടത്തിനു നിരന്തരം വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടിരുന്ന ലോകത്തിലെ ഏറ്റവും ശക്തരായ അധോലോക കുടുംബമാണ് ഗാംബിനോസ്. യാതൊരു തുമ്പും അവശേഷിപ്പിക്കാതെയാണ് അവരുടെ കൊലപാതക രീതി. ചോര കൊണ്ട് എഴുതിയ അധോലോകത്തിന്റെ നിഗൂഢതകൾ നിറഞ്ഞ കഥയുമായാണ് ചിത്രം എത്തുന്നത്.

മലബാറിൽ സ്ഥിരതാമസമാക്കിയ ഒരു ഗാംബിനോസ് കുടുംബം നേരിടുന്ന വെല്ലുവിളികളെ വളരെ മനോഹരമായി വരച്ചുകാണിക്കാൻ സംവിധായന് കഴിഞ്ഞുവെന്നത് ചിത്രത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുമെന്നതിൽ സംശയമില്ല. അമ്മയും നാലു മക്കളും  ഉൾപ്പെടുന്ന കുടുംബത്തിന്റെ എല്ലാ ശക്തിയും  അമ്മയാണ്. ചിത്രത്തിന്റെ ആദ്യ പകുതിയിൽ കുടുംബ ബന്ധത്തിന്റെ ആഴവും സ്നേഹവുമാണ് എടുത്തുപറയുന്നത്. മയക്കുമരുന്ന്  ബിസിനസും കുറ്റകൃത്യങ്ങളുമൊക്ക പതിവായ ഈ കുടുബത്തിലേക്ക് അവിചാരിതമായി എത്തപെടുകയാണ് മുസ്തഫ.

ഈ കുടുബത്തിന്റെ പതിവ് രീതികളോട് ഒട്ടും പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്ത മുസ്തഫ അവിടെ നേരിടുന്ന പ്രശ്‍നങ്ങളും വെല്ലുവിളികളുമാണ് ചിത്രത്തിൽ പറയുന്നത്. വളരെ ശാന്ത സ്വഭാവക്കാരനിൽ നിന്നും സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ കൊണ്ട് വില്ലനായി മാറുകയാണ് മുസ്തഫ എന്ന ചെറുപ്പക്കാരൻ. തന്റെ ലക്ഷ്യങ്ങൾ അകന്നു പോവുന്നതിലുള്ള സങ്കടവും  മാനസിക സങ്കർഷങ്ങളും ആകുലതകളും നിരാശയുമെല്ലാം വളരെ മനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചു വിനയ് എന്നുതന്നെ പറയാം.

കഥയ്ക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സംവിധായകൻ നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട്.. മമ്മ എന്ന ശക്തമായ കഥാപാത്രമായി രാധിക ശരത് കുമാർ ചിത്രത്തിൽ വേഷമിട്ടപ്പോൾ മക്കളായി ശ്രീജിത്ത് രവിയും സമ്പത്ത് രാജും സാലു കെ ജോർജും മുസ്തഫയും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. ചിത്രത്തിൽ പൊലീസുകാരനായി എത്തിയ സിജോയ് വർഗീസിന്റെ പ്രകടനവും എടുത്തുപറയേണ്ടത് തന്നെയാണ്.

കഥാവികസനത്തെ തടയുന്ന രീതിയിൽ പാട്ടുകൾ ഔചിത്യമില്ലാതെ തിരുകിക്കയറ്റുന്ന പ്രവണത ഒഴുവാക്കപ്പെട്ടു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് കുടുബത്തിന്റെ സ്നേഹം തുറന്നു കാണിക്കുന്ന ഒരേയൊരു പാട്ടുമാത്രമാണ് ചിത്രത്തിലുള്ളത്. ഗാംബിനോസ് കുടുംബത്തെ പശ്ചാത്തലമാക്കി ‘ലാബെല്ലാ…’ എന്ന മനോഹരമായ ഗാനം പ്രേക്ഷക ഹൃദയങ്ങൾ തൊട്ടുവെന്ന് അശേഷം സംശയമില്ലാതെ പറയാം.

കുടുംബ ബന്ധങ്ങളുടെ സ്നേഹവും അപ്രവചനീയതയും ഭീകരതയുമെല്ലാം വരച്ചു കാട്ടുന്ന രംഗങ്ങളിലൂടെ രണ്ടുമണിക്കൂർ പ്രേക്ഷകനെയും ഒരു പുത്തൻ യാത്രയിലേക്ക് കൊണ്ടു പോവുകയാണ് ചിത്രം. കാഴ്ചകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥ തലങ്ങൾ തേടുന്ന പ്രേക്ഷകർക്ക് ആവശ്യത്തിലധികം ചർച്ചകൾ നടത്താൻ പാകത്തിലാണ് ചിത്രം അണിയറപ്രവർത്തകർ ചിത്രീകരിച്ചിരിക്കുന്നത്.

അനു ജോർജ്