ആവേശം നിറച്ച് ‘ഇളയരാജ’യുടെ ട്രെയ്ലര്

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയ ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമയാണ് ‘ഇളയരാജ’. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ചെസ് കളിയുടെ ആകാംഷയും ആവേശവും വാശിയുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്ലര് ഒരുക്കിയിരിക്കുന്നത്. ചെസ് കളി തന്നെയാണ് ചിത്രത്തിന്റെ പ്രമേയവും.
വനജന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന് തുടങ്ങി നിരവധി പേര് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങള്‍ പലതും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു. ഇളയരാജ എന്ന ചിത്രത്തിനു വേണ്ടി മലയാളത്തിന്റെ ഭാവഗായകന് പി ജയചന്ദ്രന് ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘എന്നാലും ജീവിതമാകെ സങ്കടമതിലധികം…’ എന്നു തുടങ്ങുന്ന ഗാനമാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമാകുന്നത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് വരികള്‍. രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു.
Read more:ദൂരദര്‍ശന്റെ വാര്‍ത്താ സംഗീതത്തിന് ഒരു കിടിലന്‍ ടിക് ടോക്ക് വീഡിയോ; കൈയടിച്ച് സോഷ്യല്‍ മീഡിയ
ഇളയരാജ എന്ന ചിത്രത്തിനു വേണ്ടി മലയാളികളുടെ പ്രിയതാരം ജയസൂര്യയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അടുത്തിടെ ഈ ഗാനത്തിന്റെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. താരം ആലപിച്ച കപ്പലണ്ടി പാട്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ജയസൂര്യയുടെ ആലാപനം ഏറെ മികച്ചതാണെന്നാണ് പലരുടെയും കമന്റ്. അതേസമയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേട്ടത്തിന്റെ നിറവിലാണ് താരമിപ്പോള്‍. ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യയെത്തേടി പുരസ്കാരമെത്തിയത്.