‘ഇളയരാജ’യ്ക്ക് വേണ്ടി സുരേഷ് ഗോപി പാടിയ ഗാനം; വീഡിയോ കാണാം..

March 21, 2019

മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് നടനും എം പിയുമായ സുരേഷ് ഗോപി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ഇപ്പോഴിതാ രണ്ടാം വരവിന് മുന്നോടിയായി താരം ആലപിച്ച ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്.  ‘ഇളയരാജ’ എന്ന ചിത്രത്തിനു വേണ്ടിയാണ് സുരേഷ് ഗോപി ഗായകനായത്. ചിത്രത്തിനുവേണ്ടി താരം  ആലപിച്ച ‘ചെറു ചെറു ചതുരങ്ങൾ’ എന്ന പാട്ടിന്റെ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇളയരാജ’. വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.

Read More: കൊച്ചുമകൾ മറിയത്തിനൊപ്പം മമ്മൂക്ക; പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകർ

അതേസമയം ചിത്രത്തിന് വേണ്ടി നേരത്തെ ജയസൂര്യ പാടിയ കപ്പലണ്ടി പാട്ടും സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  കപ്പലണ്ടി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. രതീഷ് വേഗയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ചിത്രത്തിലെ ജയചന്ദ്രൻ ആലപിച്ച ‘എന്നാലും ജീവിതമാകെ സങ്കടമതിലധികം’ എന്നു തുടങ്ങുന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.  ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റേതാണ് വരികള്‍. രതീഷ് വേഗ സംഗീതം പകര്‍ന്നിരിക്കുന്നു. എന്നാലും ജീവിതമാകെ സങ്കടമതിലധികം… എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കരണവും വളരെ മനോഹരമാണ്. കുടുംബസ്നേഹത്തിന്‍റെ ആഴവും പരപ്പുമെല്ലാം ഈ ഗാന രംഗത്ത് വേണ്ടുവോളം പ്രതിഫലിക്കുന്നുണ്ട്. തികച്ചും വിത്യസ്തമായൊരു മേയ്ക്കേ ഓവറില്‍ മലയാളികളുടെ പ്രിയതാരം ഹരിശ്രീ അശോകനും ഈ ഗാനരംഗത്തു നിറഞ്ഞു നില്‍ക്കുന്നു.