ഇന്ത്യ ഓസ്‌ട്രേലിയ ഏകദിനം ഇന്ന് മുതൽ; ധോണി കളിച്ചേക്കില്ല

March 2, 2019

ഇന്ത്യ -ഓസ്‌ട്രേലിയ ഏകദിന പരമ്പര ഇന്ന് മുതൽ ആരംഭിക്കും. ആദ്യ  മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ് അരങ്ങേറുക. ഇന്ന് ഉച്ചക്ക് 1.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. എന്നാൽ ഏകദിനത്തിൽ എം എസ് ധോണി കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ എം എസ് ധോണിക്ക് പരിക്കേറ്റിരുന്നു. ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗമായ രാഘവേന്ദ്രയോടൊപ്പം പരിശീലിക്കവെ താരത്തിന്റെ വലതു കൈത്തണ്ടയില്‍ പന്ത് തട്ടുകയായിരുന്നു. പിന്നീട് പരിശീലനത്തിനിറങ്ങാതിരുന്ന താരം ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങെനെയെങ്കിൽ റിഷഭ് പന്തായിരിക്കും വിക്കറ്റ് കീപ്പർ.

ബാറ്റിംഗിൽ രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോലി എന്നിവരാണ് ഇറങ്ങുന്നത്. ബൗളിംഗിൽ കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ സഖ്യമാവും കളിക്കളത്തിൽ എത്തുന്നത്.

അതേസമയം ഈ മത്സരം പലർക്കും നിർണായകമാണ്. ലോകകപ്പിനുള്ള അവസാന ടീമിനെ കണ്ടെത്താൻ ടീം ഇന്ത്യയുടെ അവസാന അവസരമാണിത്. റിഷഭ് പന്ത് , വിജയ് ശങ്കർ, കെ എൽ രാഹുൽ, സിദ്ധാർഥ് കൗൾ എന്നിവർക്ക് നിണായകമാണ് ഈ ഏകദിനം. എന്നാൽ ഇന്നത്തെ കളിയിൽ ധോണി ഇറങ്ങാതിരുന്നാൽ അത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകും.

Read also: അഭിനന്ദന് അഭിനന്ദ പ്രവാഹവുമായി ഇന്ത്യൻ കായിക ലോകം;വ്യത്യസ്ത സ്വീകരണമൊരുക്കി ക്രിക്കറ്റ് ടീം

ഇന്ന് മുതൽ ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ പുതിയ ജേഴ്‌സിയിലാകും മൈതാനത്തെത്തുക. ഇന്നലെ ക്രിക്കറ്റ് ടീം പുതിയ ജേഴ്‌സി പ്രകാശനം ചെയ്തിരുന്നു. ഹൈദരാബാദിൽ നടന്ന ചടങ്ങിലായിരുന്നു ജേഴ്‌സി പ്രകാശനം.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി,  മുൻ ക്യാപ്റ്റൻ എം എസ് ധോണി, അജിങ്ക്യ രഹാനെ യുവതാരം പൃഥ്വി ഷാ എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി പ്രകാശനം ചെയ്തത്. രോഹിത് ശർമ്മയാണ് ജേഴ്‌സി പരിചയപ്പെടുത്തിയത്. പുതിയ ജേഴ്‌സിയിൽ ലോകകപ്പിലെ ഇന്ത്യൻ പൈതൃകം ആലേഖനം ചെയ്തിട്ടുണ്ടെന്നുള്ളതും ഏറെ ശ്രദ്ദേയമാണ്.