ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ഏകദിനം: ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം അങ്കത്തിന് കൊടിയേറി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. എന്നാല്‍ ബാറ്റിങ്ങിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരില്‍ ഒരാളായ രോഹിത് ശര്‍മ്മയെയാണ് ഇന്ത്യയക്ക് ആദ്യം നഷ്ടമായത്. ആറ് റണ്‍സ് അടിച്ചെടുത്തപ്പഴേക്കും രോഹിത് പുറത്താവുകയായിരുന്നു. 29 റണ്‍സെടുത്ത ശിഖര്‍ ധവനും പിന്നാലെ പുറത്തായി.
നാഗ്പൂരാണ് രണ്ടാം അങ്കത്തിന് വേദിയാകുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം ഇന്ന് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തന്നെയായിരിക്കും ഈ മത്സരത്തിലും ഇന്ത്യയുടെ തുറുപ്പു ചീട്ട്.
നാഗ്പൂര്‍ എന്നും ധോണിക്ക് അനുകൂലമായിട്ടാണ് വിധി എഴുതിയിട്ടുള്ളത്. നാഗാപൂരില്‍ കളിച്ചിട്ടുള്ള അഞ്ച് മത്സരങ്ങളില്‍ നിന്നും 268 റണ്‍സ് നേടിയിട്ടുണ്ട് താരം. നാഗ്പൂരില്‍ ഏറ്റവും അധികം റണ്‍സ് അടിച്ചെടുത്ത താരവും ധോണി തന്നെയാണ്. നാഗ്പൂരില്‍ രണ്ട് സെഞ്ചുറിയും താരം നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് അനുകൂലമായി നാഗ്പൂര്‍ ഇന്നും വിധിയെഴുതുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ മത്സരത്തില്‍ 237 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അര്‍ധ സെഞ്ചുറികള്‍ നേടിയ കേദാര്‍ ജാദവിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങില്‍ കരുത്തായത്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കകയായിരുന്നു. അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 236 റണ്‍സെടുത്തത്.
അതേസമയം ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇന്ത്യ ഇന്ന് പോരാട്ടത്തിനിറങ്ങുക എന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല. ഓപ്പണിങില്‍ ശിഖര്‍ ധവാനു പകരം കെ എല്‍ രാഹുല്‍ ഇടം പിടിക്കാനുള്ള സാധ്യതയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും തന്നെയായിരുന്നു ഓപ്പണര്‍മാര്‍.
Read more:ചിരിപ്പിച്ച് സിദ്ധിഖ്; കോടതി സമക്ഷം ബാലന് വക്കീലിലെ തീയറ്ററുകളില്‍ കാണാത്തൊരു രംഗം: വീഡിയോ
ആദ്യ ഏകദിനത്തില്‍ ധോണിയും ജാദവും മികവാര്‍ന്ന പ്രകടനമാണ് ബാറ്റിങില്‍ കാഴ്ചവെച്ചത്. 87 പന്തില്‍ നിന്നുമായി 81 റണ്‍സാണ് കേദാര്‍ ജാദവിന്റെ സമ്പാദ്യം. 79 പന്തില്‍ നിന്നുമായി ധോണി 59 റണ്‍സും അടിച്ചെടുത്തു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കേദാര്‍ ജാദവ് ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ബൗളിങിലും ഏറെ മികച്ച പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവെച്ചത്. ആദ്യ മത്സരത്തിലെ ഇന്ത്യുടെ കരുത്തും മികവും ഇന്നും പുറത്തെടുത്താല്‍ നാഗ്പൂരിലും ഇന്ത്യയ്ക്ക് വിജയമുറപ്പിക്കാം.