ഐപിഎല്ലിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ കോഹ്‌ലിയും ധോണിയും നേർക്കുനേർ..

March 23, 2019

ഐ പി എൽ പന്ത്രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കെട്ടടങ്ങാത്ത ആവേശത്തിലാണ് ഇന്ത്യ മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികൾ. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് ഉദ്ഘാടന മത്സരത്തിൽ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോഹ്‌ലിയും പഴയ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയും നേർക്കുനേർ എത്തുന്ന മത്സരത്തിൽ ഭാഗ്യം ആർക്കൊപ്പമെന്ന ആശങ്കയും ആകാംഷയും ക്രിക്കറ്റ് ആരാധകരിലെ ആവേശം വർധിപ്പിക്കുന്നുണ്ട്.

ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ വച്ച് രാത്രി എട്ടു മണിക്കാണ് ഐ പി എൽ പന്ത്രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരം.  ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെയാണ് നേരിടുന്നത്. നിലവിലെ ചാമ്പ്യന്‍മാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഐ പി എല്ലിൽ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് വട്ടമാണ് കിരീടം ചൂടിയിരിക്കുന്നത്.

Read also: അഞ്ചാം തവണയും സാഫിൽ മുത്തമിട്ട് പെൺപുലികൾ…

അതേസമയം ഈ വർഷം ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരിക്കില്ല. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഉദ്ഘാടന ചടങ്ങുകൾക്കായി നീക്കിവെച്ച തുക  കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കാനാണ് തീരുമാനം. ഈ വകയില്‍ ലഭിച്ച 20 കോടി രൂപ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്‍കാനാണ്  ബി സി സി ഐയുടെ തീരുമാനം.

ആദ്യ ഹോം മത്സരത്തിന് ശേഷം ലഭിക്കുന്ന ടിക്കറ്റ് തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നും ടീം അറിയിച്ചു. മത്സരത്തിനു ശേഷം ടീം ക്യാപ്റ്റൻ എം.എസ് ധോണി ചെക്ക് കൈമാറുമെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡയറക്ടർ രാകേഷ് സിങ് വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശികളായ അഞ്ചു സൈനികരുടെ കുടുംബങ്ങള്‍ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് 25 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. അഞ്ച് സൈനികരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് ടീം നൽകിയത്.