ഐ എസ്‌ എല്‍ അഞ്ചാം സീസണില്‍ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി

March 18, 2019

ഐ എസ്‌ എല്‍ അഞ്ചാം സീസണില്‍ കിരീടം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. എഫ്‌സി ഗോവയെ ഫൈനലിൽ തകർത്താണ് ബെംഗളൂരു എഫ് സി കിരീടം നേടിയത്. 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു 1-0 ന് വീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം ഇത്തവണ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ബെംഗളൂരു എഫ്‌സി പട. ഞായറാഴ്ച വൈകിട്ട് ഏഴു മുപ്പതിന് മുംബൈ അരീന സ്റ്റേഡിയത്തിലാണ് അവസാന മത്സരം അരങ്ങേറിയത്.

സെമിഫൈനലില്‍ ഉള്‍പ്പടെ ഈ സീസണില്‍ 41 ഗോളുകള്‍ അടിച്ച എഫ് സി ഗോവയും 33 ഗോളുകള്‍ അടിച്ച ബംഗളൂരു എഫ് സിയും നേർക്കുനേർ എത്തിയപ്പോൾ ഗ്യാലറിയിൽ നിറഞ്ഞ ആവേശം ചെറുതൊന്നുമായിരുന്നില്ല. അതേസമയം ഐ എസ് എൽ ഫൈനലില്‍ കന്നികിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ രണ്ടു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനായില്ല.

Read also: ലോകകപ്പിന് വേദി ആകാനൊരുങ്ങി ഇന്ത്യ…

മത്സരത്തിന്റെ അവസാന മിനുറ്റിലാണ് നിര്‍ണ്ണായകമായ ബെംഗളൂരുവിന്റെ ഗോള്‍ പിറക്കുന്നത്. ബംഗളൂരു എഫ്.സിക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് നേരെ വന്നത് മാര്‍ക്ക് ചെയ്യാതെ നിന്ന പ്രതിരോധ താരം രാഹുല്‍ ബേക്കെയുടെ തലയിലേക്ക്. പിന്നെ താരം ഒന്നും നോക്കിയില്ല. ഒരു അടിപൊളി ഹെഡ്ഡറിലൂടെ രാഹുല്‍ തന്റെ അവസരം ഗോളാക്കി മാറ്റി. അതോടെ കന്നിക്കിരീടം സ്വന്തമാക്കാൻ  ബെംഗളൂരു എഫ്‌സിക്ക് കഴിഞ്ഞു.