വർഷങ്ങൾക്ക് ശേഷം ജഗതി വെള്ളിത്തിരയിൽ; വൈറലായി ലൊക്കേഷൻ ചിത്രങ്ങൾ

March 26, 2019

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്ന വാർത്ത വന്നതുമുതൽ ആരാധകർ ആവേശത്തിലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ സിനിമയിലെ ചില ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വാഹനാപകടത്തെ തുടർന്ന് ഏഴ് വർഷമായി ചികിത്സയിലായിരുന്ന ജഗതിയുടെ തിരിച്ചുവരവിനായി അക്ഷമരായി കാത്തിരിക്കുകയായിരുന്നു ആരാധകർ. അടുത്തിടെ ജഗതിയുടെ തിരിച്ചുവരവിന്റെ ഭാഗമായി ഒരു പരസ്യത്തിലും താരം മുഖം കാണിച്ചിരുന്നു.

‘കബീറിന്റെ ദിവസങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ജഗതി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ഈശ്വരൻ പോറ്റിയെന്ന ക്ഷേത്രം തന്ത്രിയുടെ വേഷത്തിലാണ് താരം എത്തുന്നത്. പക്ഷാഘാതം വന്ന് ശരീരം തളർന്ന് ജീവിതം വീൽ ചെയറിൽ തള്ളിനീക്കുന്ന ഒരു വ്യക്തിയായാണ് പുതിയ ചിത്രത്തിൽ താരം വേഷമിടുന്നത്.

ശരത് ചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ചന്ദ്‌ ക്രിയേഷൻസിന്റെ ബാനറിൽ ശരത് ചന്ദ്രനും ഷൈലജ ശരതും ചേർന്നാണ് നിർമ്മിക്കുന്നത്. മൂന്ന് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന് ശേഷം ശരത് ചന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രമാണ് കബീറിന്റെ ദിവസങ്ങൾ.

ശ്രീകുമാര്‍ പി. കെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ഉദയന്‍ അമ്പാടി ക്യാമറ കൈകാര്യം ചെയ്യുന്നു. മനീഷ് ഭാര്‍ഗവനാണ് ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ്. മുരലി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുകുട്ടന്‍, കൈലാഷ്, നോബി, താരകല്യാണ്‍, സോന നായര്‍, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബി. കെ ഹരിനാരായണനാണ് ചിത്രത്തിലെ ഗാനരചയിതാവ്.

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങിനിന്ന താരമാണ് ജഗതി ശ്രീകുമാർ. ഹാസ്യനടനായും വില്ലനായും നടനായും സഹനടനായുമൊക്കെ സിനിമയിൽ മികച്ച കഥാപാത്രങ്ങളുമായി എത്തിയ താരം മലയാള സിനിമയക്ക് പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരത്തിനുണ്ടായ അപകടത്തിന് ശേഷം താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. പുതിയ ചിത്രത്തിലൂടെ താരം തിരിച്ചുവരുമ്പോൾ ആരാധകർ ഏറെ ആവേശത്തിലാണ്.