“ഞാന്‍ പാടൂടാ”; മാസ് മറുപടിക്ക് പിന്നാലെ ജോജുവിന്റെ പാട്ട്: വീഡിയോ

March 5, 2019

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിക്കുന്നതിനു മുമ്പേ ജോജു ജോര്‍ജിന് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍ ഏറെയും. ആരാധക പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കാതെ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാര്‍ഡ് ജോജുവിനെ തേടിയെത്തി. ‘ജോസഫ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജോജു ജോര്‍ജിന് പുരസ്‌കാരം ലഭിച്ചത്. വെള്ളിത്തിരയില്‍ മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിലും ജോജു ജോര്‍ജ് ഏറെ ആരാധകരുള്ള താരം തന്നെയാണ്. ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരം.

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ജോജു തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ ഒരു പാട്ടിനു തന്നെയാണ് വീണ്ടും സോഷ്യല്‍ മീഡിയ കൈയടി നല്‍കുന്നത്. എന്നാല്‍ പാട്ടിനൊപ്പം ഒരു മാസ് മറുപടിയും ജോജു ഇത്തവണ നല്‍കുന്നുണ്ട്. ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. വേദിയിലെത്തിയ താരത്തിനോട് പാട്ടുപാടാന്‍ എല്ലാവരും ആവശ്യപ്പെട്ടു. പെട്ടെന്ന് സദസ്സില്‍ നിന്നും ഉച്ചത്തില്‍ ‘നിങ്ങ പാടെടാ…’ എന്ന് ആരോ വിളിച്ചു പറഞ്ഞു. ഇതു കേട്ട പാടെ ‘ഞാന്‍ പാടൂടാ…’ എന്ന് ചങ്കൂറ്റത്തോടെ ജോജുവിന്റെ മറുപടിയും എത്തി. മാസ് മറുപടിക്ക് പിന്നാലെ ജോസഫിലെ ഗാനവും. നിറഞ്ഞ കൈയടിയോടെയാണ് ജോജുവിന്റെ പാട്ട് ഏറ്റെടുത്തത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ് ജോജുവിന്റെ പാട്ട്.

 

View this post on Instagram

 

Joju George ?For more updates please support us. [email protected]_

A post shared by mass entry (@massentry_) on

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരും രംഗത്തെത്തിയിരുന്നു.

Read more:ചിരിപ്പിച്ച് സിദ്ധിഖ്; കോടതി സമക്ഷം ബാലന്‍ വക്കീലിലെ തീയറ്ററുകളില്‍ കാണാത്തൊരു രംഗം: വീഡിയോ

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.

ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.