കണ്ടുകൊണ്ടേയിരിക്കാന്‍ തോന്നും, അത്രമേല്‍ സുന്ദരം ഈ കവര്‍ സോങ്: വീഡിയോ

March 23, 2019

ചില പാട്ടുകള്‍ക്ക് ഭംഗി കൂടുതലാണ്. കാതുകള്‍ക്കുമപ്പറം അവയങ്ങനെ ഹൃദയത്തില്‍ അലയടിച്ചുകൊണ്ടേയിരിക്കും. നേര്‍ത്ത ഒരു മഴനൂലു പോലെ ഉള്ളിലെവിടെയോ തോരാതെ പെയ്തുകൊണ്ടേയിരിക്കും. സംഗീതത്തിന്‍റെ ഭംഗി പലപ്പോഴും വര്‍ണ്ണനകള്‍ക്കും അതീതമാണ്. ചിലപ്പോള്‍ തേങ്ങലുകളെ അതിജീവിക്കാന്‍, മറ്റു ചിലപ്പോള്‍ ആനന്ദത്തില്‍ ലയിക്കാന്‍ അതുമല്ലെങ്കില്‍ വെറുതെയങ്ങനെ കേട്ടിരിക്കാന്‍ പാട്ടുകളെ കൂട്ടുപിടിക്കുന്നവരാണ് പലരും. ഹൃദയത്തില്‍ അത്രമേല്‍ ആഴത്തില്‍ വേരൂന്നുവാന്‍ കെല്പുണ്ട് ചില പാട്ടുകള്‍ക്ക്.

മാന്ത്രിക സംഗീതം എന്നു വിശേഷിപ്പിക്കാറുണ്ട് ചില പാട്ടുകളെ നാം. വല്ലാത്തൊരു ആകര്‍ഷണമാണ് അത്തരം പാട്ടുകളോട്. ‘കണ്‍മണി അന്‍പോടു കാതലെന്‍…’ എന്ന ഗാനവും ഇതുപോലെയാണ്. മാന്ത്രിക സംഗീതം. പാടാന്‍ അറിയാത്തവര്‍ പോലും കുറഞ്ഞ പക്ഷം ഒന്നു മൂളിയെങ്കിലും നോക്കിയിട്ടുണ്ടാകും ഈ പാട്ട്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഈ പാട്ടിന്‍റെ ഒരു കവര്‍ വേര്‍ഷന്‍. വെറുമൊരു കവര്‍ സോങ് എന്നുപറഞ്ഞ് നിസാരവത്കരിക്കാനാവില്ല ഈ പാട്ടിനെ. ദൃശ്യചാരുതയില്‍ മാന്ത്രിക സംഗീതം പോലെ പെയ്തിറങ്ങുന്ന ഈ കവര്‍ സോങ് സമ്മാനിക്കുന്നത് പാട്ടിന്‍റെ മറ്റൊരു ലോകംതന്നെ.മനോഹരമായ ആലാപനത്തിനൊപ്പം വയലിനില്‍ തീര്‍ത്ത വിസ്മയവും ദൃശ്യചാരുതയുമെല്ലാം ഈ കവര്‍ സോങിന്‍റെ മാറ്റുകൂട്ടുന്നു. പ്രകൃതിയുടെ നേര്‍ത്ത തുടിപ്പുകള്‍ ഒരു തലോടലെന്നപോലെ ഇഴകി ചേര്‍ന്നിരിക്കുന്നു ഈ പാട്ടില്‍. ഇതൊക്കെതന്നെയാണ് ഈ കവര്‍ സോങിനെ മറ്റുള്ളവയില്‍ നിന്നും വിത്യസ്തമാക്കുന്നതും പ്രേക്ഷകര്‍ക്ക് സ്വീകാര്യമാക്കുന്നതും. സംഗീതാസ്വാദനത്തിന്‍റെ പുതു വസന്തം തീര്‍ക്കുകയാണ് ഈ കവര്‍ സോങ്.ഗംഗാലക്ഷ്മിയാണ് മനോഹരമായ ഈ കവര്‍ സോങ് ആവിഷ്കരിച്ചിരിക്കുന്നത്. ഗ്രീഷ്മ കണ്ണനാണ് ആലാപനം. റ്റിഡി ശ്രീനിവാസന്‍ ക്യാമറ കൈകൈര്യം ചെയ്തിരിക്കുന്നു. ശ്രീരാജ് ശ്രീകണ്ഠന്‍ ക്രമപ്പെടുത്തിയിരിക്കുന്ന സംഗീത വിസ്മയവും ഫ്രാന്‍സീസ് സോവ്യറിന്‍റെ വയലിന്‍ നാദവുമെല്ലാം കവര്‍സോങിന് മിഴിവേകുന്നു.

1991-ല്‍ പുറത്തിറങ്ങിയ ‘ഗുണ’എന്ന തമിഴ് സിനിമയിലേതാണ് കണ്‍മണി അന്‍പോടു കാതലന്‍… എന്ന ഗാനം. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഇന്നും പാട്ടു പ്രേമികള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന നിത്യഹരിത ഗാനമാണ് കണ്‍മണി അന്‍പോടു കാതലന്‍…