ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമയെടുത്തു; ഒടുവില്‍ സംസ്ഥാന അവാര്‍ഡ്

March 1, 2019

ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ഷെരീഫ് ഈസ സിനിമയെടുത്തത്. വീടുംപറമ്പും പണയംവെച്ചും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമെല്ലാം ഷെരീഫ് തന്റെ സിനിമയ്ക്കായി പണം ഒപ്പിച്ചു. എന്നാല്‍ ഈ കഷ്ടപ്പാടുകളൊന്നും വെറുതെയായില്ല. മികച്ച കഥാചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഷെരീഫ് ഈസ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ‘കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍’ എന്ന ചിത്രത്തിനു ലഭിച്ചു.

കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി എന്ന ഗ്രാമമാണ് ഷെരീഫ് ഈസയുടെ സ്വദേശം. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ നാടകങ്ങള്‍ എഴുതുന്നതിലും സംവിധാനം ചെയ്യുന്നതിലുമെല്ലാം തല്‍പരനായിരുന്നു ഷെരീഫ്. സിനിമയെന്ന ഷെരീഫിന്റെ സ്വപ്‌നവും വിജയംകണ്ടു. റബ്ബര്‍ ടാപ്പിങ് എന്ന തൊഴില്‍ ചെയ്യുമ്പോഴും ഷെരീഫിന്റെ മനസില്‍ സിനിമ മാത്രമായിരുന്നു. 20 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് കാന്തന്‍ നിര്‍മ്മിച്ചത്.

മികച്ച കഥാചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാന്തന്‍ വെറുമൊരു സിനിമ മാത്രമല്ല. പച്ചയായ ഒരു ജീവിതംകൂടിയാണ് ഈ ചിത്രം. ഒരു ജനതയുടെ മുഴുവന്‍ പോരാട്ട സ്വരമായ ദയാബായി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘കാന്തന്‍’. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഏറെ ശ്രദ്ധ നേടിയിരുന്നു ഈ ചിത്രം. ദളിത് ആദിവാസി വിഭാഗത്തില്‍പ്പെട്ട മനുഷ്യരുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

വയനാട് ജില്ലയിലെ തിരുനെല്ലി നെങ്ങറ കോളനിയിലെ അടിയാ വിഭാഗത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇത്ത്യാമ എന്ന കഥാപാത്രമായി ദയാബായി ചിത്രത്തിലെത്തുന്നു. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട പത്ത് വയസുകാരനാണ് കാന്തന്‍. ഇത്ത്യാമയാണ് ഇവനെ വളര്‍ത്തുന്നത്. കറുപ്പിനോടുള്ള അവന്റെ അപകര്‍ഷതയും മറ്റ് നിറങ്ങളോടുള്ള അവന്റെ പ്രണയവും ഇത്ത്യാമ തിരിച്ചറിയുന്നു. തുടര്‍ന്ന് പ്രകൃതിയോട് ഇണങ്ങി ജീവിക്കാന്‍ അവനെ പ്രാപ്തനാക്കുന്നു. ഇതാണ് ചിത്രം പറയുന്നത്.

Read more:മനസുകൊണ്ടും ശരീരംകൊണ്ടും ജയസൂര്യ മേരിക്കുട്ടിയായത് ഇങ്ങനെ; ശ്രദ്ധേയമായി വീഡിയോയും കുറിപ്പും

മാസ്റ്റര്‍ പ്രജിത്താണ് ചിത്രത്തില്‍ കാന്തനായി വേഷമിടുന്നത്. പ്രമാദ് കൂവേരിയാണ് കാന്തന്റ രചന. അടിയാ വിഭാഗത്തില്‍പ്പെട്ട ആദിവാസികളും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആദിവാസി വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നതും.