സൂര്യാഘാതം മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

March 4, 2019

സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും രംഗത്തെത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ചൂടു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 3 ഡിഗ്രി വരെ ചൂടു കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ സൂര്യഘാതത്തിനുള്ള സധ്യതയും തള്ളിക്കളയാനാവില്ല. സൂര്യാഘാതം ഒഴിവാക്കാനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റി കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

*സൂര്യാഘാതം – മുന്നറിയിപ്പുകള്‍ തുടരുന്നു*

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് (4-3-2019) രാവിലെ 7.45 മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ കേരളത്തില്‍ ചില ഇടങ്ങളില്‍ ഇന്നലെ (3-3-2019) ഉയര്‍ന്ന താപനില 1.6 മുതല്‍ 3 ഡിഗ്രി വരെ ശരാശരിയില്‍ നിന്നും കൂടുതല്‍ ആയിരുന്നു. ഇതില്‍ തന്നെ വടക്കന്‍ കേരളത്തിലെ ഒരു സ്ഥലത്ത് ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും 3.7 ഡിഗ്രി കൂടുതല്‍ ആയിരുന്നു എന്ന് കാണുന്നു. കൂടാതെ, ഇന്ന് രാവിലെ തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച ഉയര്‍ന്ന താപനില വിവരം അനുസരിച്ച് ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും കോഴിക്കോട് ജില്ലയില്‍ 3.2 ഡിഗ്രിയും, ആലപ്പുഴയില്‍ 1.7 ഡിഗ്രി യും, കൊച്ചി-1.4, പുനലൂർ-1 .3, തിരുവനന്തപുരം സിറ്റി -1 .3 ഡിഗ്രിയിലും ഉയര്‍ന്ന അളവിലാണ് അനുഭവപെട്ടത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കേരളത്തിലെ, അടുത്ത 5 ദിവസത്തെ താപ സൂചിക അവലോകനം ചുവടെ ചേര്‍ക്കുന്നു.
*04.03.2019 രാവിലെ 5.30 മുതൽ അടുത്ത 24 മണിക്കൂറുവരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം , പത്തനംതിട്ട , കൊല്ലം , തിരുവന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്*

*04.03.2019 രാവിലെ 5.30 മുതൽ അടുത്ത 48 മണിക്കൂറുവരെ എർണാകുളം, കോട്ടയം, ഇടുക്കി , പത്തനംതിട്ട , കൊല്ലം, തിരുവന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്*

*04.03.2019 രാവിലെ 5.30 മുതൽ അടുത്ത 72 മണിക്കൂറുവരെ പാലക്കാട്,എർണാകുളം, കോട്ടയം, ഇടുക്കി , പത്തനംതിട്ട , കൊല്ലം, തിരുവന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്*

*04.03.2019 രാവിലെ 5.30 മുതൽ അടുത്ത 96 മണിക്കൂറുവരെ പാലക്കാട്,എർണാകുളം, കോട്ടയം, ഇടുക്കി , പത്തനംതിട്ട , ആലപ്പുഴ , കൊല്ലം, തിരുവന്തപുരം എന്നി ജില്ലകളുടെ ചില ഭാഗങ്ങളിൽ താപ സൂചിക പ്രകാരം ചൂട് കൂടുവാൻ സാധ്യതയുണ്ട്*

താപ സൂചിക – (Heat Index) ഭൂപടത്തില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ്, കടും ചുവപ്പ് നിറങ്ങളുടെ വിശദീകരണം ചുവടെ ചേര്‍ക്കുന്നു.
താപ സൂചിക – Heat Index
<29: സുഖകരം (No discomfort)
30-40: അസ്വസ്ഥത (Some discomfort)
40-45: അസുഖകരം (Great discomfort)
45-54: അപകടം (Dangerous)
>54: സൂര്യാഘാതം ഉറപ്പ് (Heat stroke imminent)

മേല്‍ സാഹചര്യത്തില്‍ ഇന്നലെ പുറപ്പെടുവിച്ച അവലോകനം ആവര്‍ത്തിച്ച്‌ ഊന്നിപ്പറയുന്നു.
കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ ഉള്ള സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മോഡല്‍ അവലോകനങ്ങളില്‍ കാണുന്നു. അടുത്ത 48 മണിക്കൂറിൽ നിലവിലെ അനുമാനപ്രകാരം കേരളത്തില്‍ പൊതുവില്‍ 2 മുതല്‍ 3 ഡിഗ്രി വരെ ചൂട് കൂടുതല്‍ ആയേക്കാം.

*മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു.
– പൊതുജനങ്ങള്‍ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക
– രോഗങ്ങള്‍ ഉള്ളവര്‍ 11 am മുതല്‍ 3 pm വരെ എങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക
– പരമാവധി ശുദ്ധജലം കുടിക്കുക
– അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
– വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
– തൊഴില്‍ സമയം പുനഃക്രമീകരിച്ചു വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്നു തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക*

*KSDMA – ദുരന്തനിവാരണ അതോറിറ്റി*