‘ഒന്നും മിണ്ടാതെ…’; കോടതിസമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം

March 22, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ‘കോടതി സമക്ഷം ബാലന്‍വക്കീല്‍’. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന  ചിത്രം പ്രമേയം കൊണ്ടു തന്നെ മികച്ചു നില്‍ക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയൊരു ഗാനം കൂടി പുറത്തെത്തി. ഒന്നും മിണ്ടാതെ…. എന്നു തുടങ്ങുന്ന മനോഹര ഗാനമാണ് യുട്യൂബിലൂടെ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചത്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിനു ലഭിക്കുന്നതും. ബികെ ഹരിനാരായണന്‍റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്നിരിക്കുന്നു. സാഷാ തിരുപ്പതിയാണ് ആലാപനം. മനോഹരമായൊരു മെലഡി വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ഈ ഗാനം. ദിലീപും  മംമ്താ മോഹന്‍ദാസുമാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്.

ഫെബ്രുവരി മാസം 21 നാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ തീയറ്ററുകളിലെത്തിയത്. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കോമഡിയും ആക്ഷന്‍സും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍ തീയറ്ററുകളിലെത്തിയത്.

Read more:”ഇന്ദ്രജിത്തിനെ മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല”; ചേട്ടനെക്കുറിച്ച് പൃഥ്വിരാജിന്റെ വാക്കുകള്‍: വീഡിയോ

അതേസമയം തെലുങ്കിലും ഹിന്ദിയിലും ചിത്രത്തിന്റെ റീമേക്കിന് ഒരുങ്ങുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വയാകോം 18 മോഷന്‍ പിക്‌ചേഴ്‌സ് മലയാളത്തില്‍ അരങ്ങേറ്റംകുറിച്ച ചിത്രംകൂടിയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സും പ്രമുഖ കമ്പനിയാണ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.