ഐപിഎല്‍: പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത; ഇത് രണ്ടാം ജയം

March 28, 2019

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഐപിഎല്‍ പുതിയ സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. പഞ്ചാബിനെതിരെ 28 റണ്‍സിനാണ് കൊല്‍ക്കത്ത വിജയിച്ചത്.

ടോസ് നേടിയ പഞ്ചാബ് ബൗളിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 218 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ 219 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികവ് പുലര്‍ത്താന്‍ ആയില്ല. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് എടുക്കാനെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് സാധിച്ചുള്ളൂ.

റോബിന്‍ ഉത്തപ്പയുടെയും നിതീഷ് റാണയുടെയും അര്‍ധ സെഞ്ചുറി മികവാണ് കൊല്‍ക്കത്തയെ തുണച്ചത്. ബാറ്റിങിന്റെ തുടക്കം മുതല്‍ക്കെ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓപ്പണര്‍മാരായ സുനില്‍ നരൈനും ക്രിസ് ലിന്നും തുടക്കത്തില്‍ തന്നെ ബൗണ്ടറികള്‍ നേടി. എന്നാല്‍ ഇരുവരുടെയും മികവ് അധികനേരം നീണ്ടു നിന്നില്ല. 10 റണ്‍സ് എടുത്തപ്പോഴേക്കും ക്രിസ് ലിന്നിനും 24 റണ്‍സ് എടുത്തപ്പോഴേക്കും സുനില്‍ നരൈനും കളം വിടേണ്ടി വന്നു.

Read more:ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക; ‘ഛപാക്’ സിനിമയ്ക്ക് വേറിട്ടൊരു ആശംസ

34 പന്തില്‍ നിന്നുമായി 63 റണ്‍സ് അടിച്ചെടുത്ത റാണയും അവസാന ഓവറില്‍ പുറത്താകാതെ 67 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന് കൂടുതല്‍ കരുത്തേകി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പന്ത്രണ്ടാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദുമായിട്ടായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ മത്സരം. തകര്‍പ്പന്‍ വിജയമായിരുന്നു ഈ മത്സരത്തിലും കൊല്‍ക്കത്ത സ്വന്തമാക്കിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയ്ക്കതിരെ മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന് തുടക്കം മുതല്‍ക്കെ പാളി. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് തെളിഞ്ഞപ്പോഴേക്കും പഞ്ചാബിന്റെ ലോകേഷ് രാഹുല്‍ കളം വിട്ടു. തൊട്ടുപിന്നാലെ 37 റണ്‍സ് അടിച്ചെടുത്തപ്പോഴേക്കും ഗെയ്‌ലും പുറത്ത്. ഇതോടെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു. എന്നാല്‍ മായങ്ക് അഗര്‍വാളും ഡേവിഡ് മില്ലറും നേടിയ അര്‍ധ സെഞ്ചുറികള്‍ പഞ്ചാബിനെ തുണയ്ക്കുമെന്നാണ് ആരാധകര്‍ കരുതിയത്. എങ്കിലും ഈ മികവൊന്നും കൊല്‍ക്കത്തയെ തകര്‍ക്കാന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ തുണച്ചില്ല.